ഇതുവരെ വര്‍ഗ്ഗീയവാദം പറഞ്ഞുനടന്നവരൊക്കെ ഇപ്പോള്‍ ഐക്യത്തേപ്പറ്റി പറഞ്ഞു തുടങ്ങിയിരിക്കുന്നുവെന്ന് ചലച്ചിത്ര താരം മാമുക്കോയ. ആര്‍ക്കും ഒരു അഭിപ്രായവും പറയാന്‍ പറ്റാത്ത കാലമാണ്. ഒരാള്‍ക്ക് പറയാനുള്ളത് മറ്റൊരാള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ ഉടനെ വകവരുത്തുകയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. സമകാലീകമലയാളം.കോമിലെ നിലപാട് എന്ന കോളത്തിലാണ് തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.
മനുഷത്വം തൊട്ടുതീണ്ടാത്ത വഷയങ്ങളെ അവജ്ഞയോടെ നോക്കിക്കാണുന്ന മാമുക്കോയ മതമൗലിക വാദികള്‍ക്കെതിരെയും സാമൂഹിക അസമത്വം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും തുറന്നടിച്ചു. മതവിമര്‍ശനം നടത്തുന്നവരെ നേരിടുന്ന രീതികളും അശാസ്ത്രീയമായ മതകാഴ്ച്ചപ്പാടുകളേയും അദ്ദേഹം തുറന്ന് എതിര്‍ക്കുകയും ചെയ്യുന്നു. ചേകന്നൂര്‍ മൗലവിയെ കൊന്നത് അദ്ദേഹം ആരേയും ഉപദ്രവിച്ചിട്ടും കൊന്നിട്ടുമല്ല, അദ്ദേഹത്തിന്റെ ആശയങ്ങള്‍ തുറന്നുപറഞ്ഞിട്ടാണ്. അതിനേക്കാള്‍ ശക്തമാണ് നിലവിലെ അവസ്ഥ എന്നും അദ്ദേഹം പറയുന്നു. തനിക്ക് തന്റെയുള്ളിലുള്ളത് തുറന്നുപറയാനാവില്ല. അങ്ങനെ പറഞ്ഞതിനാണ് നിലമ്പൂര്‍ അയിഷയും വിപി സുഹറയുമൊര്രെ കുടുംബത്തിലും സമുദായത്തിലും നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. അദ്ദേഹം കുറിച്ചു. നബിയുടെ മുടിയുമായി നടന്ന ആളുകളേയും മുടി മുക്കിയ വെള്ളം കുടിച്ചാല്‍ രോഗം മാറുമെന്ന് പ്രചരിപ്പിച്ചവരേയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
“എന്റെ അഭിപ്രായം ഞാന്‍ പറയണം. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. എനിക്ക് എന്റേതായ ഉറച്ച അഭിപ്രായവും വിശ്വാസവും ഉണ്ട്. ഞാനും എന്നെ സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് എന്റെ വിശ്വാസവും മതവുമൊക്കെ”, അദ്ദേഹം കുറിച്ചു. ഫോട്ടോ പണ്ട് ഹറാമായിരുന്നുവെന്നും ഹജ്ജിനുപോകാന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ ഫോട്ടോ വേണ്ടിവന്നപ്പോള്‍ ഫോട്ടോ ഹലാലായതും അദ്ദേഹം രസകരമായി അവതരിപ്പിക്കുന്നു. വലിയ വലിയ തങ്ങള്മാര് മേക്കപ്പ് ചെയ്ത് ടിവി ചര്‍ച്ചകള്‍ക്ക് വരുന്നതും മതപരമായ കാരണങ്ങളാല്‍ സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഒതുങ്ങിയതും ലേഖനത്തില്‍ മാമുക്കോയ എടുത്തുപറയുന്നുണ്ട്.
ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥയേപ്പറ്റിയും സാമൂഹിക അപചയങ്ങളേക്കുറിച്ചും ഒരു കലാകാരന് എന്ന നിലയിലുള്ള തുറന്നുപറച്ചില്‍ നടത്തുകയാണ് മാമുക്കോയ ലേഖനത്തിലുടനീളം. ഇതുണ്ടാക്കുന്ന അപകടത്തേക്കുറിച്ച് ബോധവാനാണ് എന്നസൂചനയോടെ ആശയങ്ങളെ ആശയങ്ങള്‍കൊണ്ടാണ് എതിര്‍ക്കേണ്ടത് എന്ന് അദ്ദേഹം പലതവണ ചൂണ്ടിക്കാട്ടുന്നു.
Discussion about this post