ചെന്നൈ: ജന്മദിനത്തില് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന പ്രചരണങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്താതെ ജനങ്ങള്‍ക്ക് അഴിമതി ശ്രദ്ധയില്‍പ്പെടുത്താന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനെ പരിചയപ്പെടുത്തി നടന് കമല്ഹാസന്. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അറിയിക്കാനുള്ള സംവിധാനത്തോടെയുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് താരം ഇന്ന് പരിചയപ്പെടുത്തിയത്. ജനുവരി മുതല്‍ ‘മയ്യം വിസില്‍’ എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാവുമെന്നും കമല്ഹാസന് വ്യക്തമാക്കി.
ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കലാണ് തന്റെ ലക്ഷ്യം. സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നു തന്നെയാണ് ആരാധകരോടും ആഹ്വാനം ചെയ്യുന്നത്. ജനങ്ങളുമായി ബന്ധപ്പെടാനാണ് ഇത്തരത്തിലൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. തെറ്റ് എവിടെ കണ്ടാലും അത് അറിയിക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. അതുവഴി നീതി ലഭ്യമാക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു. ആപ്ലിക്കേഷന്‍ മാത്രമല്ല, ജനങ്ങളുമായി സംവദിക്കാന്‍ നിരവധി വഴികള്‍ നടപ്പിലാക്കുമെന്നും താരം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്തുള്ള തെറ്റെന്താണെന്ന് കാലം തെളിയിക്കും. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റമാണ് വേണ്ടത്. ജനങ്ങള്‍ തന്നെ പിന്തുടരുന്നുവെന്നത് തന്നെയാണ് അവര്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയെന്നും കമല്ഹാസന് പറഞ്ഞു.
ഒരു വലിയ ലക്ഷ്യത്തിനു വേണ്ടിയാണ് തന്റെ പ്രവര്‍ത്തനങ്ങള്‍. ജന്മദിനമായ ഇന്ന് താന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഒരു വലിയ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണ് താന്‍ പാര്‍ട്ടി രൂപീകരിക്കുന്നത്. അതിന്റെ പ്രാഥമിക കാര്യങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങണമെങ്കിലും ഇനിയും ചില കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും ഉണ്ട്. ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകി പ്രശ്നങ്ങള്‍ മനസ്സിലാക്കാനുണ്ട്. അതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ തിരക്ക് കാണിക്കുന്നില്ല. സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ താന്‍ ലക്ഷ്യമിടുന്നുണ്ടെന്നും തനിക്ക് വേണ്ടി വളണ്ടിയര്‍മാര്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നുണ്ടെന്നും കമല്ഹാസന് പറഞ്ഞു.
രാജ്യത്തെ വലതുസംഘടനകളില്‍ തീവ്രവാദ സ്വഭാവം നിലനില്‍ക്കുന്നുണ്ടെന്ന മുന്‍ പരാമര്‍ശത്തിനും കമല്‍ വിശദീകരണം നല്കി. ഹിന്ദു വികാരങ്ങളെ എനിക്ക് മുറിവേല്‍പ്പിക്കേണ്ടതില്ല. കാരണം ഒരു ഹിന്ദു കുടുംബത്തില്‍ നിന്നുള്ള ആളാണ് ഞാനും. എന്നാല്‍ വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തു. ഒരു സമുദായത്തേയും വിഭാഗത്തേയും താന്‍ ലക്ഷ്യമിടുന്നില്ലെന്നും കമല്ഹാസന് വിശദീകരിച്ചു.
Discussion about this post