പാരിസ്:യുഎന്‍ സുരക്ഷാ കൗണ്‍സലില്‍ സ്ഥിരാംഗത്വം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.ലോക സമാധാനത്തിനു വേണ്ടി സംഭാവന നല്‍കുന്നത് ഇന്ത്യയുടെ അവകാശമാണ്. കഴിഞ്ഞ കുറേ നാളുകള്‍ ഇന്ത്യ യാചിക്കുകയായിരുന്നു. ഇന്ന് ഞങ്ങള്‍ അത് അവകാശപ്പെടുകയാണ്.
ലോക സമാധനത്തിനു വേണ്ടി നിലകൊണ്ടവരെ ആദരിക്കണം. മഹാത്മ ഗാന്ധി, ശ്രീ ബുദ്ധന് തുടങ്ങിയ മഹാന്മാരുടെ നാടിന് സുരക്ഷാ കൗണ്‍സിലില്‍ അംഗങ്ങളാകുന്നതിന് അവസരം നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. പാരിസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകസമാധാനത്തില്‍ വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ത്യാഗത്തിലും വിശ്വാസത്തിലും അടിയുറച്ചവരാണ് ഇന്ത്യക്കാര്‍. പൂര്‍വികര്‍ ഇത്തരത്തിലൊരു പാരമ്പര്യം ബാക്കി വച്ചിരുന്നുവെന്നതില് ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വലുപ്പം മറ്റു രാജ്യങ്ങള്‍ക്ക് അറിയില്ല. അത് അവരെ മനസിലാക്കുകയാണ് എന്റെ ലക്ഷ്യം. ഒരിക്കല്‍ എല്ലാവരും ഇന്ത്യയെ മനസിലാക്കും. ആ കാലം വിദൂരമല്ലെന്നും മോദി പറഞ്ഞു.
സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യ ഒരിക്കലും യുദ്ധസമാനരായി നിലകൊണ്ടിട്ടില്ലെന്നും മോദി പറഞ്ഞു. യുഎന്നിന്റെ സമാധാന ശ്രമങ്ങളില്‍ ഇന്ത്യ പരമാവധി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വേള്‍ഡ് വാറിന്റെ സമയത്ത് 14 ലക്ഷം ഇന്ത്യക്കാരാണ് യുദ്ധമുഖത്ത് അണിനിരന്നിരുന്നത്. വേള്‍ഡ് വാര് ഒന്നിന് തുടര്‍ച്ചയായ നാലു വര്‍ഷം ഇന്ത്യ യുദ്ധം ചെയ്തു. എന്നാല്‍ അത് ഒരിക്കലും തങ്ങള്‍ക്കു വേണ്ടിയായിരുന്നില്ലെന്നും മോദി വിശദീകരിച്ചു.
Discussion about this post