അഹമ്മദാബാദ്: ഗുജറാത്ത് സര്‍ക്കാര്‍ 584.8 കോടിയുടെ ഗ്രാന്റ് അനധികൃതമായി നല്കി എന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി ടാറ്റാ മോട്ടോഴ്സ് രംഗത്ത്. ഗുജറാത്ത് സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചിട്ടില്ലെന്നും, 584.8 കോടി ഗ്രാന്റായിട്ടല്ല, സംസ്ഥാനത്ത് കമ്പനി ആരംഭിക്കാന്‍ വായ്പ നല്‍കിയതാണെന്നും ടാറ്റാ മോട്ടോഴ്സ് വൃത്തങ്ങള്‍ പറഞ്ഞു.
നിക്ഷേപകസൗഹൃദ അന്തരീക്ഷമാണ് ഗുജറാത്തിലുള്ളത്. അതുകൊണ്ടാണ് ടാറ്റാ മോട്ടോഴ്സിന്റെ നിര്‍മ്മാണ യൂണിറ്റ് സാനന്ദില്‍ ആരംഭിച്ചത്. ഗുജറാത്തിനെ മികച്ച ഓട്ടോമൊബൈല്‍ ഹബ്ബാക്കി മാറ്റാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള നീക്കമായിരുന്നു ഇത് ടാറ്റാ മോട്ടോഴ്സ് അധികൃതര്‍ പറയുന്നു. ഗുജറാത്ത് സര്‍ക്കാര്‍ ലോണായിട്ടാണ് ഇത്രയും തുക നല്‍കിയത്. ലോണ്‍ എഗ്രിമെന്റ് പ്രകാരം ഞങ്ങള്‍ ഈ തുക തിരിച്ചടയ്ക്കേണ്ടതുമാണ്. സര്‍ക്കാര്‍ നല്കിയ ലോണിന് ടാറ്റാ മോട്ടോഴ്സ് നികുതി നല്‍കുന്നുണ്ടെന്നും അധികൃതര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ആരംഭിച്ച ‘ഒരു ദിവസം, ഒരു ചോദ്യം’ എന്ന പരമ്പരയിലൂടെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ടാറ്റാ മോട്ടോഴ്സിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
Discussion about this post