ഡല്‍ഹി:രണ്ടു മാസം നീണ്ട അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തി. രാവിലെ 11.15 ന് ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തിലാണ് രാഹുല്‍ എത്തിയത്. തുഗ്ലക്ക് ലേനിലെ അദ്ദേഹത്തിന്റെ വസതിയില്‍ അമ്മയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധി എന്നിവര്‍ രാഹുലിനെ സ്വീകരിക്കാനെത്തി.
പുറത്ത് വലിയ മാധ്യമപ്പടയും കാത്തിരിക്കുന്നുണ്ടായിരുന്നു. വസതിക്കുമുമ്പില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
പ്രത്യേക സുരക്ഷാസേന രാഹുലിനു വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നീണ്ട 57 ദിവസത്തെ അവധിക്കുശേഷമാണ് രാഹുല്‍ തിരിച്ചെത്തിയിരുക്കുന്നത്. ഞായറാഴ്ച ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കര്‍ഷക റാലിയാകും അവധിക്കു ശേഷമുള്ള രാഹുലിന്റെ ആദ്യ പൊതുപരിപാടി.
ഫെബ്രുവരി 16നാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട സമയത്തായിരുന്നു അത്. പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്ന സമയത്തെ അവധിയെടുക്കല്‍ വന്‍ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. രാഹുല്‍ എവിടെയായിരുന്നുവെന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
അവധിയെടുക്കുന്നതിനു മുന്‍പ് എസ്പിജി സുരക്ഷ വേണ്ടെന്ന് രാഹുല്‍ ഗാന്ധി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്ന് സുരക്ഷ പിന്‍വലിച്ചെങ്കിലും രാഹുല്‍ പോയ രാജ്യങ്ങളിലെ ഏജന്‍സികള്‍ അദ്ദേഹത്തിനു സുരക്ഷയൊരുക്കിയിരുന്നെന്ന് അദ്ദേഹത്തോട് അടുത്ത വ്യത്തങ്ങള്‍ പറയുന്നു. ഹരിദ്വാറിലും സിംഗപ്പൂരിലും മ്യാന്മറിലും രാഹുല്‍ ഗാന്ധിയുണ്ടെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും ഇന്തൊനീഷ്യയും വിയറ്റ്നാമും സന്ദര്‍ശിച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മടങ്ങിയെത്തുന്നതെന്നാണു സുരക്ഷ ഏജന്‍സികള്‍ നല്കുന്ന സൂചന.
അതേസമയം, പ്രതിയോഗികളുടെ പരിഹാസങ്ങളും സ്വന്തം പാളയത്തിലെ വിമര്‍ശനങ്ങളുമടക്കം അജ്ഞാത വാസത്തിനു പോയപ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ വലിയ വെല്ലുവിളിയാണ് മടങ്ങിവരവില്‍ രാഹുലിനെ കാത്തിരിക്കുന്നത്.
രാഹുല്‍ തിരിച്ചെത്തിയത് തായ് എയര്വേയ്സില് ബിസിനസ് ക്ലാസിലായിരുന്നു.
രാഹുല്‍ എംആര്‍ ഗാന്ധി എന്ന പേരിലുള്ള ടിക്കറ്റിന്റെ പകര്‍പ്പുകള്‍ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടു.
.
Discussion about this post