കണ്ണൂര്‍: സിപിഐഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചരണപരിപാടിക്ക് ആംബുലന്‍സ് ഉപയോഗിച്ച സംഭവം വിവാദത്തില്‍. രോഗികള്‍ക്കും മൃതശരീരങ്ങള്‍ കൊണ്ട് പോകാനും മാത്രമേ ആംബുലന്‍സ് ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന നിയമം നിലനില്‍ക്കേയാണ് പാര്‍ട്ടി നടപടി. പ്രത്യേക നികുതിയിളവും ആംബുലന്‍സിന് നല്‍കുന്നുണ്ട്.
ഇന്ന് തുടങ്ങുന്ന സിപിഐഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച റോഡ് ഷോയിലാണ് ആംബുലന്‍സ് ഉപയോഗിച്ചത്.ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വാഹനത്തിന്റെ നാലുവശവും ബോര്‍ഡുകള്‍ ഉപയോഗിച്ച് മറച്ചിരുന്നു. എന്നാല്‍ മുകളിലും വശങ്ങളിലും ആംബുലന്‍സ് എന്നെഴുതിയത് വ്യക്തമായി കാണാം. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ചമ്പാട് നിന്നും ആരംഭിച്ച് പാനൂര്‍ ഏരിയയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സമ്മേളന നഗരിയായ ചെണ്ടയാട് സമാപിച്ച ബൈക്ക് റാലിക്കാണ് അനൗണ്‍സ്മെന്റ് വാഹനമായി ആംബുലന്‍സ് ഉപയോഗിച്ചത്. വലിയ സൗണ്ട് ബോക്സും ജനറേറ്ററും ആംബുലന്‍സിന് മുകളില്‍ സജ്ജീകരിച്ചിരുന്നു.
എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ട്രാവലര്‍ ആണ് റോഡ് ഷോക്ക് ഉപയോഗിച്ചതെന്നുമാണ് സിപിഐഎം നേതൃത്വം പ്രതികരിച്ചത്.
Discussion about this post