സുരേഷ് ഗോപിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ലേലം 2 ഒരുങ്ങുന്നു. തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ആനക്കാട്ടില്‍ ചാക്കോച്ചിയായി വീണ്ടും ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് സുരേഷ് ഗോപി. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തിന് ഇന്നും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഒരു സ്വാധീനമുണ്ട്.
1997-ല്‍ രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ലേലത്തിന്റെ രണ്ടാംഭാഗവുമായി രംഗത്തിറങ്ങുന്നത് മകന് നിതിന്‍ രണ്‍ജി പണിക്കരാണ്. നിതിനാണ് ലേലം 2 സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയും അപ്പന് ആനക്കാട്ടില്‍ ഈപ്പച്ചനുമായി സുരേഷ് ഗോപിയും സോമനും ജീവിക്കുക തന്നെയായിരുന്നു. ഇരുവരുടെയും തീപ്പൊരി ഡയലോഗുകള്‍ മുഴുവന്‍ പ്രേക്ഷകര്‍ക്ക് ഇന്നും കാണാപ്പാഠമാണ്. ‘ശരിയാ തീരുമേനി, ഈപ്പച്ചന് പള്ളിക്കൂടത്തില്‍ പോയിട്ടില്ല’ എന്നുള്ള എവര്‍ഗ്രീന്‍ ഹിറ്റ് ഡയലോഗും ചിത്രത്തിലേതായിരുന്നു.
സുരേഷ് ഗോപി എന്ന താരത്തിന്റെ പ്രേക്ഷക പ്രീതി വര്‍ധിപ്പിച്ച ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ആനക്കാട്ടില്‍ ചാക്കോച്ചിയെ തിരികെ കൊണ്ടു വരാനൊരുങ്ങുകയാണ് നിതിന്‍ രണ്‍ജി പണിക്കര്‍. രണ്‍ജി പണിക്കരുടേത് തന്നെയാണ് തിരക്കഥ. എംപി സ്ഥാനമേറ്റെടുത്ത ശേഷം സിനിമകളില്‍ സജീവമല്ലാത്ത സുരേഷ്ഗോപി ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് ലേലം 2വിലൂടെ.
ആനകാട്ടില്‍ ചാക്കോച്ചിയായി ലേലം രണ്ടാം ഭാഗം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ തിരകഥ പൂര്‍ത്തിയായിട്ടില്ലെന്നും അതിനു ശേഷം മാത്രമേ മറ്റു അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് തീരുമാനിക്കൂവെന്നും നിതിന്‍ പറഞ്ഞു. മമ്മൂട്ടിയുടെ കസബയാണ് നിതിന്‍ രഞ്ജിപണിക്കരുടെ ആദ്യ സിനിമ.
ഇടക്കാലത്ത് സിനിമയില്‍ മങ്ങി നിന്ന സുരേഷ് ഗോപിക്ക് തിരിച്ചു വരവിന് വഴിയൊരുക്കിയ സിനിമയാണ് 2005-ല്‍ പുറത്തിറങ്ങിയ ഭഗത് ചന്ദ്രന് ഐപിഎസ് എന്ന രഞ്ജി പണിക്കര്‍ ചിത്രം. 1994-ല്‍ രഞ്ജിപണിക്കര്‍ തന്നെ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം അന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്തതും, നിര്‍മ്മിച്ചതും രഞ്ജിപണിക്കര്‍ തന്നെയാണ്. ഭഗത് ചന്ദ്രന് അന്ന് സൂപ്പര്‍ഹിറ്റായിരുന്നു.
Discussion about this post