ഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ച് ആളുകള്‍ മരിക്കാനിടയായാല്‍ കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ നല്‍കുന്നതിന് നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ രണ്ടുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ. ഇതുകൂടാതെ രജിസ്ട്രേഷന് സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വേണമെന്നതും നിര്‍ബന്ധമാക്കാനും കേന്ദ്രം തീരുമാനിച്ചു. അലക്ഷ്യമായും മദ്യപിച്ചും വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് നല്കുന്ന പിഴ അപര്യാപ്തമാണെന്നും ശിക്ഷ കൂടുതല്‍ കഠിനമാക്കണമെന്നും സുപ്രീംകോടതി മുമ്പ് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചിരുന്നത്.
മദ്യപിച്ച് വാഹനമോടിച്ച് ജീവഹാനിയുണ്ടായാല്‍ അത് മന:പൂര്‍വമുള്ള നരഹത്യയായി കണക്കാക്കി പത്ത് വര്‍ഷം കഠിന തടവ് നല്‍കണമെന്ന് നേരത്തെ വിഷയം പരിഗണിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന പകുതി വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ഇല്ല. ഇവയില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്.
മോട്ടോര്‍ വാഹന നികുതി ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റി ഇന്നലെ രാജ്യസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്ന പുതിയ നിയമത്തില്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പതിനഞ്ചോളം വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് മദ്യപിച്ച് വാഹനമോടിച്ച് ജീവഹാനി വരുത്തിയാല്‍ ശിക്ഷ ഏഴു വര്‍ഷമാക്കുന്നത്.
Discussion about this post