ജക്കാര്‍ത്ത : ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) അതീവ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍, ഭീകരവാദത്തെയും കടല്‍ക്കൊള്ളയെയും നേരിടാന്‍ കൂട്ടായനീക്കം വേണമെന്ന് ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യ ആഹ്വാനം ചെയ്തു. പുതിയൊരു ലോകക്രമത്തിനായി യുഎന്‍ നിയമങ്ങളുടെ പരിഷ്‌കരണവും ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു.
വ്യാപകമായ തീവ്രവാദവും ഭീകരവാദവും ഇപ്പോഴത്തെ പ്രധാന സുരക്ഷാവെല്ലുവിളിയാണ്. ഏഷ്യയുടെയും ആഫ്രിക്കയുടെയും പല പ്രദേശങ്ങളും ഇതിന്റെ ഇരയാണ്. ലോകസംസ്‌കാരത്തിനു വെല്ലുവിളിയായ ഐഎസിനെ ഒരുമിച്ചു ശക്തമായി നേരിടണമെന്നും സുഷമ സ്വരാജ് പറഞ്ഞു.
കാലിന് പരുക്കേറ്റതിനാല്‍ സുഷമ സ്വരാജ് ഇരുന്നാണ് ഉച്ചകോടിയെ അഭിസംബോധന ചെയ്തത്. ഇന്ത്യന്‍ മഹാസമുദ്രം അതിവേഗം വളരുന്ന വാണിജ്യപാതയാണ്. കടല്‍വഴി വാണിജ്യം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കേ കടല്‍സുരക്ഷയ്ക്ക് അതീവ പ്രധാന്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി യുഎന്നിന്റെയും സുരക്ഷാസമിതിയുടെയും നിലവിലെ ചട്ടങ്ങള്‍ നവീകരിക്കണം.
ഭീകരവാദത്തെ തള്ളിയും പരസ്പര സഹകരണം ഊട്ടിയുറപ്പിച്ചും ഉച്ചകോടിയില്‍ അവതരിപ്പിച്ച രണ്ടു പ്രമേയങ്ങളില്‍ വിവിധ രാജ്യങ്ങള്‍ ധാരണയിലെത്തി. നാളെ പലസ്തീന്‍ സ്വാതന്ത്ര്യത്തിനു പിന്തുണ നല്‍കുന്ന മൂന്നാമത്തെ പ്രമേയവും അവതരിപ്പിക്കും.
Discussion about this post