തിരുവനന്തപുരം;ഇന്നലെ ക്വാറം തികയാതെ സംസ്ഥാന മന്ത്രിസഭാ യോഗം പിരിഞ്ഞതിനെതിരെ പ്രതിഷേധം വ്യപകമാകുന്നു. 13 മന്ത്രിമാര്‍ എത്താതിരുന്നതോടെ ക്വോറം തികയാതെ പ്രത്യേക മന്ത്രിസഭ യോഗം പിരിയുകയായിരുന്നു. ആറ് പേര് മാത്രമാണ് യോഗത്തിന് എത്തിയത്.
മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ പോലും താല്പര്യമില്ലാതെ സ്വകാര്യ ചടങ്ങുകളിലും, പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കുകയായിരുന്നു മന്ത്രിമാര്‍. പിന്നെ എന്തിനാണ് ബുധാനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ വെള്ളിയാഴ്ച്ചപ്രത്യേക മന്ത്രിസഭ യോഗം ചേരാന്‍ തീരുമാനിച്ചത് എന്നാണ് ഉയരുന്ന ചോദ്യം.
ഈ സംഭവത്തോടെ എല്‍ഡിഎഫ് മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് പോലൊരു ഗതികേടു മുന്‍പുണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ് മന്ത്രിമാര്‍ക്ക് താല്പര്യം. മന്ത്രിമാര്‍ എത്താത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കഴിയാതെ പോയതു ദയനീയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടാവുമെന്നാണു മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോള്‍ കാബിനറ്റ് വിളിച്ചാല്‍ പോലും മന്ത്രിമാരെത്താത്ത അവസ്ഥയാണ്.
സിപിഐ മന്ത്രിമാരായ വിഎസ് സുനില്‍ കുമാര്‍, പി. തിലോത്തമന്, കെ. രാജു, ഇ. ചന്ദ്രശേഖറും വയനാട്ടിലെയും കണ്ണൂരിലെയും പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും മുങ്ങിയത്.സിപിഎം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, സി. രവീന്ദ്രനാഥ്, എ.സി മൊയ്തീന്, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.കെ ശൈലജ എന്നിവര്‍ അവരവരുടെ മണ്ഡലങ്ങളിലെ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രത്യേക മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനിന്നത്.
ഇന്നലെവൈകിട്ട് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, എകെ ബാലന്, എം.എം മണി, തോമസ് ഐസക്ക്, ടിപി. രാമകൃഷ്ണന് എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്.
Discussion about this post