ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഏകദിന പരമ്പര എന്ന സ്വപ്നം നേട്ടത്തിനരികെയാണ് ഇന്ത്യന്‍ സംഘം. ആദ്യ മൂന്നു മത്സരവും ജയിച്ചു നില്‍ക്കുന്നതിന്റെ ആത്മവിശ്വാസം കളത്തില്‍ കണ്ടാല്‍ എല്ലാം ശരിയാകമെന്ന വിശ്വാസത്തിലാണ് ടീം ഇന്ത്യ. ആറു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 30ന് മുന്നിലാണ്. തുടര്‍ച്ചയായി മൂന്ന് ജയം കുറിച്ച ഇന്ത്യ ഡര്‍ബനില്‍ ആദ്യജയവും നേടിയിരുന്നു.
201011ല്‍ മഹേന്ദ്ര സിംഗ് ധോണി നയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുടെ ഏകദിന പരന്പരയില്‍ 2-1ന് മുന്നില്‍നിന്നശേഷം 3-2ന് പരന്പര അടിയറവു വച്ച പഴംകാലമൊന്നും കൊഹ്ലിയുടെ കുട്ടികളുടെ മനസ്സിലുണ്ടാവില്ലു. സ്പിന്‍ മികവില്‍ വാണ്ടറേഴ്സില്‍ ഇന്നത്തെ മത്സരവും ജയിക്കാനാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍. പ്രധാന കളിക്കാര്‍ക്കെല്ലാം പരിക്കിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന് എ.ബി. ഡിവില്യേഴ്സിന്റെ തിരിച്ചുവരവ് ആത്മവിശ്വാസം പകരും. വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഡിവില്യേഴ്സിന് ആദ്യ മൂന്ന് ഏകദിനത്തില്‍ കളിക്കാനായില്ല. ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഡി വില്യേഴ്സ് ഇന്ന് കളിക്കുന്ന കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, ഇന്ത്യയുടെ കൈക്കുഴ സ്പിന്നര്മാര്മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ കുഴക്കുന്നത്. ഇവരെ എങ്ങനെ നേരിടണമെന്ന് അറിയാതെ ബാറ്റ്സ്മാന്മാരെല്ലാം കീഴടങ്ങുകയാണ്. മൂന്നു മത്സരങ്ങളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയ 30 വിക്കറ്റുകളില്‍ 21 എണ്ണവും ഇവര്ക്കാരായിരുന്നു. കഴിഞ്ഞ കളിയില്‍ നാല് വീതം വിക്കറ്റാണ് ഇവര്‍ കറക്കിയിട്ടത്.
പിങ്ക് ഏകദിന മത്സരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ മത്സരം ദക്ഷിണാഫ്രിക്കയുടെ ഹോം സീസണില്‍ പ്രധാനപ്പെട്ടതാണ്. ഇതിലൂടെ സ്തനാര്ബുദത്തെകുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയും അതിനൊപ്പം രോഗം ബാധിച്ചവര്‍ക്കുള്ള സഹായധനവുമാണ് ഈ മത്സരത്തില്‍ ലക്ഷ്യമിടുന്നത്. 2011 ല്‍ ആരംഭിച്ച പിങ്ക് ഏകദിന മത്സരത്തിന്റെ ആറാമത്തെ മത്സരമാണ് ഇന്ന്. പിങ്ക് ജഴ്സിയില്‍ ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങിയപ്പോളൊന്നും അവര്‍ തോറ്റിട്ടില്ല.
Discussion about this post