അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിനെ പാകിസ്ഥാന് എങ്ങനെ സംരക്ഷിക്കുന്നു എന്നുള്ള വെളിപ്പെടുത്തലുകളുമായി സഹായി ഫറൂക്ക് തക്ല. ദാവൂദ് പാകിസ്ഥാനിലെ കറാച്ചിക്കടുത്തുണ്ടെന്നും പാകിസ്ഥാനി റെയിഞ്ചര്‍മാര്‍ ദാവൂദിനും കുടുംബത്തിനും സംരക്ഷണം കൊടുക്കുന്നുണ്ടെന്നും ഫറൂക് പറഞ്ഞു.
ഇന്ത്യയില്‍ നിന്നും വി.വി.ഐ.പികള്‍ ആരെങ്കിലും വന്നാലൊ അല്ലെങ്കില്‍ പാകിസ്ഥാനുമായുള്ള ബന്ധം പ്രക്ഷുബ്ധമായാലോ ദാവൂദിനെ ഒരു ഒളിത്താവളത്തിലേക്ക് മാറ്റും. ‘അന്ദാ ഗ്രൂപ്പ് ഓഫ് ഐലന്‍ഡ്സ്’ എന്ന ദ്വീപാണ് ആ താവളം. ഇവിടേക്ക് ദാവൂദിനും ഭാര്യക്കും മാത്രമാണ് പ്രവേശനം ഉള്ളത്. ഒരു പ്രത്യേക ഫ്രീക്വന്‍സിയിലാണ് ദാവൂദുമായി പാകിസ്താന് സേന റേഡിയോയിലൂടെ സംസാരിക്കുന്നത്. രാവും പകലും പാകിസ്ഥാന് സേന ദാവൂദിന് സംരക്ഷണം നല്‍കും. അത്യാഹിത ഘട്ടം വന്നാല്‍ 6 മണിക്കൂര്‍ കൊണ്ട് ദുബായില്‍ എത്താന്‍ വേണ്ടി ഒരു ബോട്ട് തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇതുപോലൊരു സാഹചര്യത്തില്‍ താന്‍ ദാവൂദിനെ ദുബായില്‍ വരവേറ്റിട്ടുണ്ടെന്നും തക്ല പറഞ്ഞു. പലതവണ ഛോട്ടാ രാജനും മറ്റും ദാവൂദിനെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും തക്ല വ്യക്തമാക്കി. ദാവൂദിന്റെ വേലക്കാരനെപ്പോലും ഇന്ത്യക്ക് പിടിക്കാന്‍ സാധിക്കില്ലെന്നും തക്ല പരിഹസിച്ചു.
ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തിയ തക്ലയെ മാര്‍ച്ച് 19 വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ് മുംബൈയിലെ പ്രത്യേക കോടതി.
Discussion about this post