ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബോള്‍ട്ടിമോറില്‍ കറുത്തവര്‍ഗ്ഗക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെതുടര്‍ന്നുള്ള സംഘര്‍ഷം തുടരുന്നു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. അതേസമയം സംഭവത്തില്‍ അന്വേഷണം ഇന്ന് പൂര്‍ത്തിയാകുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കസ്റ്റഡിയില്‍ കറുത്ത വര്‍ഗക്കാരന്‍ മരിച്ച സംഭവത്തില്‍ ഇന്നലെ വിവിധ അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു. പലയിടങ്ങളിലും കലാപകാരികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി. ആയിരത്തിലേറെ പേര്‍ ന്യൂയോര്‍ക്കില്‍ ഒത്തുകൂടി. മാന്‍ഹാട്ടന്‍ യൂനിയന്‍ ചത്വരത്തില്‍ തടിച്ച് കൂടിയ നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. ബാള്‍ട്ടിമോറില്‍ കര്‍ഫ്യൂ അവഗണിച്ചും നിരവധി പേരാണ് തെരുവിലിറങ്ങി പൊലീസിനെതിരെ പ്രതിഷേധിക്കുന്നത്. വാഷിംഗ്ടണിലും ബോസ്റ്റണിലും പ്രതിഷേധ പ്രകടനം നടന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഫ്രെഡിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. 20 ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം 19നാണ് പൊലീസ് കസ്റ്റഡിയില്‍ ഫ്രെഡി ഗ്രേ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ മരിക്കുന്നത്. പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിനേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Discussion about this post