പുതുച്ചേരിയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് നിയമസഭയിലേക്കുള്ള പ്രവേശനം സ്പീക്കര്‍ വൈതിലിംഗം നിഷേധിച്ചു. മദ്രാസ് ഹൈക്കോടതി ഇവരുടെ അംഗത്വം അംഗീകരിച്ച സാഹചര്യത്തിലും ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയാണുണ്ടായത്.
മൂന്ന് പേരും നിയമസഭക്ക് മുന്നില്‍ പ്രതിഷേധിച്ചു. മൂവരില്‍ പാര്‍ട്ടി ട്രഷററായ കെ.ജി.ശങ്കര്‍ പ്രതിഷേധത്തിനിടെ ബോധം കെട്ട് വീഴുകയുണ്ടായി. അദ്ദേഹത്തെ ഇന്ദിരാ ഗാന്ധി ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയോട് ചോദിച്ചിട്ടുണ്ടെന്ന് കിരണ്‍ ബേദി പറഞ്ഞു.
പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായ കിരണ്‍ ബേദിയാണ് പുതുച്ചേരി ബി.ജെ.പി യൂണിറ്റ് പ്രസിഡന്റായ വി.സാമിനാഥനെയും പാര്‍ട്ടി ട്രഷററായ കെ.ജി.ശങ്കറെയും ബി.ജെ.പി അനുഭാവിയായ എസ്.സെല്വഗണപതിയെയും നാമനിര്‍ദ്ദേശം ചെയ്തത്. ഒരു അയോഗ്യനായയാളും അധികാരപരിധിയില്ലാത്തയാളുമാണ് ഇങ്ങനൊരു നാമനിര്‍ദ്ദേശനം ചെയ്തതെന്ന് വൈതിലിംഗം നവംബറില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് അവര്‍ മൂന്ന് പേരെയും നിയമസഭ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെയായിരുന്നു മൂവരും കോടതിയെ സമീപിച്ചത്. കോടതി ഇവരുടെ അംഗത്വം മാര്‍ച്ച് 22ന് ശരിവെക്കുകയാണുണ്ടായത്.
Discussion about this post