ഹൈന്ദവ ധര്‍മ്മം എല്ലാ വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒന്നാണെന്ന് നടി മാളവികാ അവിനാശ കര്‍ണാടകയില്‍ അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ‘ഇന്ത്യാ ടുഡെ’ സംഘടിപ്പിച്ച ചര്‍ച്ചയായ ‘കര്‍ണാടകാ പഞ്ചായത്തില്‍’ പ്രതികരിക്കുകയായിരുന്നു അവര്‍. നടനായ പ്രകാശ് രാജിന്റെ വാദങ്ങളോട് മറുപടി പറയുകയായിരുന്നു മാളവിക.
ഹിന്ദുത്വത്തിന്റെ വക്താക്കള്‍ ഒറ്റ സംസ്കാരം മാത്രമാണ് അനുവദിക്കുന്നതെന്നും ഈ ആശയം കര്‍ണാടകയില്‍ നടപ്പിലാവില്ലെന്നുമായിരുന്നു പ്രകാശ് രാജിന്റെ വാദം. കന്നഡിഗരുടെ സംസ്കാരം ബഹുത്വവും യോജിപ്പും അടിസ്ഥാനമായുള്ള ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹിന്ദുക്കള്‍ എല്ലാ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കുന്നുവെന്നായിരുന്നു മാളവിക കൊടുത്ത മറുപടി.
‘ഞാനൊരു ഹിന്ദുവാണ്. അതിനാല്‍ തന്നെ ഞാന്‍ മതനിരപേക്ഷനാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മറ്റുള്ളവര്‍ ഞങ്ങളെ കൊള്ളയടിച്ചു, ഞങ്ങളുടെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. ഇതെല്ലാം നടന്നിട്ടും ഞങ്ങള്‍ നിലനില്ക്കുന്നു. ഞാനൊരു ഹിന്ദുവായതിനാല്‍ എനിക്ക് വേണമെങ്കില്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാം, വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കാം, നിരീശ്വരവാദിയാകാം, ജിജ്ഞാസുവാകാം. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ഒരു സംസ്കാരം ലോകത്തില്‍ മറ്റെവിടെയും ഇല്ലായെന്നാണ് എനിക്ക് തോന്നുന്നത്’ ഇങ്ങനെയായിരുന്നു മാളവികയുടെ പ്രതികരണം.
ലൗ ജിഹാദില്‍ സ്നേഹത്തിനപ്പുറം മറ്റ് പല താല്‍പര്യങ്ങളുമുണ്ടെന്നാണ് മാളവിക പറഞ്ഞത്. കേരളത്തില്‍ മതംമാറ്റം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് ഇന്ത്യാ ടുഡെ തന്നെ വാര്‍ത്തകള്‍ കൊടുത്തിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ മാത്രമല്ല മറിച്ച് കൃസ്താനികളും ഈ മതംമാറ്റത്തിന്റെ ആഘാതം അനുഭവിക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ സിദ്ധരാമയ്യയുടെ മതനിരപേക്ഷ സര്‍ക്കാര്‍ 24 ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരുടെ മരണമാണ് തന്നതെന്നും മാളവിക പ്രതികരിച്ചു.
Discussion about this post