ഗുവാഹത്തി: മിസോറാമിലെ ചക്മ ട്രൈബല്‍ കൗണ്‍സില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരുമിച്ച് ഭരിക്കും. പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയാണ് ബി.ജെ.പി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയിരിക്കുന്നത്.
മിസോറമിലെ ചക്മ കൗണ്‍സിലില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരുമിച്ച് ഭരിക്കും. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത് സാഹചര്യത്തിലാണ് ഈ നീക്കം. ഈ മാസം നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 20 അംഗ കൗണ്‍സിലില്‍ ആറുസീറ്റുകളാണ് ലഭിച്ചത്. മിസോറാം നാഷണല്‍ ഫ്രണ്ട് 8 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. അതേസമയം ബി.ജെ.പിക്ക് അഞ്ച് സീറ്റുകളായിരുന്നു ലഭിച്ചത്. മിസോറാം നാഷണല്‍ ഫ്രണ്ട് ഭരണത്തില്‍ വരാതിരിക്കാനാണ് ബി.ജെ.പിയും കോണ്‍ഗ്രസും സഖ്യം രൂപീകരിച്ചത്.
ആദ്യം മിസോറാം നാഷണല്‍ ഫ്രണ്ടുമായി ചേര്‍ന്ന് കൗണ്‍സില്‍ ഭരിക്കാനായിരുന്നു ബി.ജെ.പി നീക്കം. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെ ഇതിന് വേണ്ടി പ്രയത്നിച്ചിരുന്നു. ഇക്കാര്യം ട്വിറ്ററിലൂടെ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ബി.ജെ.പിയുടെ തീരുമാനം മാറ്റിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ് ബി.ജെ.പി നേതാക്കള്‍ക്ക് കൗണ്‍സില്‍ ചെയര്മാന് സ്ഥാനം നല്‍കിയത്. കോണ്‍ഗ്രസ് ഇപ്പോഴും അധികാരത്തിലിരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നാണ് മിസോറാം.
Discussion about this post