ഇസ്ലാമാബാദ്: പാക്കിസ്ഥാനും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വീണ്ടും അസ്വസ്ഥത പുകയുന്നു.
. യുഎസ് നയതന്ത്രജ്ഞനെ രാജ്യം വിടുന്നതില്നിന്നു പാക്കിസ്ഥാന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. പാക്കിസ്ഥാനില്‍ യുഎസ് നയതന്ത്രജ്ഞന് സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വീണ്ടും വിള്ളലുണ്ടായിരിക്കുന്നത്.
ഈ മാസമാദ്യം ചുവപ്പു ലൈറ്റിട്ട് ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കവെയാണ് യുഎസ് സൈന്യത്തോട് അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനായ കേണല്‍ ജോസഫ് ഇമ്മാനുവല്‍ ഹാള്‍ അപകടമുണ്ടാക്കിയത്. ഹാളിനെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഹാളിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്നാണു യുഎസ് നിലപാട്.
നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഹാളിനെ വിചാരണ ചെയ്യേണ്ടതില്ലെന്ന് പാക് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും അദ്ദേഹത്തിനു യാത്രാ വിലക്കേര്‍പ്പെടുത്തി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ജനറല്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഹാളിനു കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
അപകടസമയത്ത് ഹാള്‍ മദ്യപിച്ചിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പാക്കിസ്ഥാനിലെ യുഎസ് എംബസി ഇത് നിഷേധിച്ചു. അപകടത്തിനുശേഷം എംബസിയില്തന്നെ കഴിയുന്ന ഹാള്‍ പരസ്യപ്രസ്താവനകള്‍ നടത്തിയിട്ടില്ല.ഭീകരതയെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ പാക്കിസ്ഥാനെതിരേ യുഎസ് നടപടികള്‍ കര്‍ശനമാക്കുന്നതിനിടയിലാണ് ഈ യാത്രാവിലക്ക്.
Discussion about this post