കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ 10,000ലധികം വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഒരു ഫ്‌ളാറ്റില്‍ കണ്ടെത്തിയ കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എയും തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ മുനിരത്‌ന നായിഡുവിനെ കസ്റ്റഡിയിലെടുത്തു. വോട്ടര്‍ ഐ.ഡി കാര്‍ഡുകളുടെ ഒപ്പം മുനിരത്‌നത്തിന്റെ ഫോട്ടോ അടങ്ങിയ കാര്‍ഡുകളും സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.
മുനിരത്‌നത്തിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ പറയുന്നത് മുനിരത്‌നം ജനങ്ങള്‍ക്ക് പല തരത്തിലുള്ള സമ്മാനങ്ങളും സൗജന്യമായി നല്‍കാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ്. ഇതില്‍ 5018 ടീ-ഷര്‍ട്ടുകള്‍, 23,393 ഹാഫ് പാന്റുകള്‍ എന്നിവയടങ്ങുന്നു. സമ്മാനങ്ങളുടെ ആകെത്തുക 90 ലക്ഷത്തിലധികമാണ്.
ചൊവ്വാഴ്ചയായിരുന്നു രാജരാജേശ്വരീ നഗറിലെ ഒരു ഫ്‌ളാറ്റില്‍ നിന്നും വോട്ടര്‍ ഐ.ഡികള്‍ കണ്ടെത്തിയത്. ബി.ജെ.പിയും കോണ്‍ഗ്രസും ഇതിനെച്ചൊല്ലി പരസ്പരം പഴിചാരിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളിലെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവിടുള്ള വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കി വോട്ട് ചെയ്യിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജരാജേശ്വരീ നഗറിലെ തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി പ്രകാശ് ജാവ്‌ദേക്കര്‍ രംഗത്തെത്തിയിരുന്നു. അതേസമയം ഫ്‌ളാറ്റിന്റെ ഉടമയായ മഞ്ജുള നഞ്ജമാരി സംഭവം നടക്കുന്നതായി അറിഞ്ഞിരുന്നില്ല എന്ന് വ്യക്തമാക്കി.
Discussion about this post