ഡല്‍ഹി : സുപ്രീം കോടതി അനുകൂല നിലപാടു സ്വീകരിച്ചാല്‍ രാഷ്ട്രീയ സഹായമില്ലാതെ തന്നെ രാമജന്മഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള നിയമം കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാരിനു സാധിക്കില്ല എന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രസ്താവിച്ചതിനു തൊട്ടു പിന്നാലെയാണ് ശങ്കരാചാര്യയുടെ പ്രതികരണം. ബിജെപി നേതാക്കള്‍ രാമക്ഷേത്ര നിര്മ്മാണത്തെപറ്റി സംസാരിക്കേണ്ട ആവശ്യമില്ല എന്നും രാംലീല മൈതാനില്‍ ഹിന്ദു ധര്‍മ്മ സന്‍സദ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചില കക്ഷികള്‍ രാഷ്ട്രീയ നേട്ടത്തിനായി മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പേര് അനാവശ്യമായി വിഷയത്തിലേയ്ക്കു കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കിലും ബാബര്‍ ഒരിക്കലും അയോധ്യയില്‍ എത്തിയിരുന്നില്ല എന്ന് കോടതി കണ്ടെത്തിയതോടെ ആ വാദം പൊളിഞ്ഞു. ഹൈന്ദവര്‍ ആരാധനകള്‍ നടത്തിയിരുന്ന സ്ഥലമാണ് അയോധ്യ എന്നതിന് തെളിവുകള്‍ ഉണ്ട്.രാജ്യത്തെ രാഷ്ട്രീയ വര്‍ഗ്ഗത്തിന് ഹിന്ദു മതത്തെക്കുറിച്ച് ശരിയായ അവബോധമില്ല എന്നും ശങ്കരാചാര്യ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സഹായമില്ലാതെ തന്നെ ജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന പണം കൊണ്ട് രാമക്ഷേത്രം നിര്‍മ്മിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച പ്രമേയവും സന്‍സദ് പാസ്സാക്കിയിട്ടുണ്ട്. ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തു നീക്കണമെന്നും സന്‍സദ് ആവശ്യപ്പെട്ടു.
Discussion about this post