ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ട്വിറ്ററിലൂടെ പങ്കുവച്ച ഹൃദയഹാരിയായ അപേക്ഷ കേട്ട് കളിയുടെ ടിക്കറ്റുകളേല്ലാം വിറ്റു തീര്‍ന്നിരുന്നു. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ പതിനായിരത്തോളം വരുന്ന കാണികളുടെ ആവേശത്തിരയില്‍ ആരാധകര്‍ ഇന്ത്യയ്ക്കായി ആര്‍പ്പുവിളിച്ചപ്പോള്‍ എതിരില്ലാതെ മൂന്നു ഗോളുകള്‍ കെനിയന്‍ വലയിലേക്ക് പായിച്ച് ഇന്ത്യ അവരെ ഉന്മാദക്കൊടുമുടിയിലെത്തിച്ചു.
തന്റെ നൂറാം മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അന്താരാഷ്ട്ര തലത്തില്‍ നൂറു മത്സരങ്ങള്‍ തികച്ച രണ്ടാമത്തെ ഇന്ത്യക്കാരനായി. ബൈച്ചൂങ്ങ് ബൂട്ടിയ മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഛേത്രിയേക്കാള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുള്ളത്. നൂറ്റിനാല് അന്താരാഷ്ട്ര മത്സരങ്ങളിലാണ് ബൂട്ടിയ കളിച്ചത്.
ആദ്യപകുതിയില്‍ ഗോളുകളൊന്നും നേടാതിരുന്ന മത്സരത്തില്‍ ഇന്ത്യയ്ക്കായി അറുപത്തിയെട്ടാം മിനിട്ടില്‍ ആദ്യഗോള്‍ ഛേത്രി തന്നെ നേടി. ബോക്സിനുള്ളില്‍ വച്ച് ഛേത്രിയെ കെനിയന്‍ പ്രതിരോധകളിക്കാരന് ഇടങ്കാലിട്ടതിനായിരുന്നു പെനാല്‍റ്റി വിധിച്ചത്. മൂന്നു മിനിട്ടിനു ശേഷം ജെജെ ലാല്‍പെഖൂലെ ഇടിമിന്നല്‍ പോലെയൊരു ഷോട്ട് പായിച്ച് കെനിയന്‍ ഗോള്‍വല രണ്ടാമതും ചലിപ്പിച്ചു.
അതേസമയം കെനിയന്‍ കളിക്കാരുടെ മുന്നേറ്റങ്ങളിലെല്ലാം ഗോളി ഗുര്‍പ്രീത് സന്ധു മികച്ച സേവുകളിലൂടെ ഇന്ത്യയുടെ ഗോള്‍വല സുരക്ഷിതമായി കാത്തു.ഇന്ത്യയുടെ പ്രതിരോധനിരയും ശക്തമായിരുന്നു. സ്റ്റോപ്പേജ് സമയമായി അധികം നല്കിയ അഞ്ച് മിനിട്ടില്‍, കളിയുടെ 92ആം മിനിട്ടിലാണ് സുനില്‍ ഛേത്രി അയത്നലളിതമായി ഇന്ത്യയ്ക്കായി മൂന്നാമത്തെ ഗോള്‍ നേടിയത്. ഇടിമുഴങ്ങുമ്പോലെ ആരവമുയര്‍ത്തിയ ആരാധകരോട് ഇന്ത്യയുടെ ഫുഡ്ബോള്‍ കാണാന്‍ വന്നാല്‍ നിങ്ങള്‍ക്ക് നഷ്ടമുണ്ടാകില്ല എന്ന തലേന്നത്തെ ട്വിറ്റര്‍ സന്ദേശത്തിലെ ഉറപ്പ് സുനില്‍ ഛേത്രി പാലിച്ചു.
മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ചൈനീസ് തായ്പേയ് യേ കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്ത ഇന്ത്യ സുനിലിനെപ്പോലെയൊരു മികച്ച ക്യാപ്റ്റന്റെ കീഴില്‍ ഇന്റര്‍നാഷണല്‍ കപ്പ് 2018ല്‍ തങ്ങളുടെ രണ്ടാമത്തെ വിജയവും കരസ്ഥമാക്കി.
Discussion about this post