തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്ന കെപിസിസി പ്രസിഡണ്ട് വിഡി സതീശന് പറഞ്ഞതിനെ ഒറ്റക്കെട്ടായി എതിര്‍ത്ത് ഐ ഗ്രൂപ്പ്. സതീശന് കേരളത്തില്‍ ഹൈക്കമാന്‍ഡ് ചമയുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷും മന്ത്രി കെസി ജോസഫും പറഞ്ഞു. അധികാര മോഹിയായ സതീശന് പരസ്യപ്രസ്താവന നടത്തി പ്രതിസന്ധി ഉണ്ടാക്കരുതായിരുന്നുവെന്നും സതീശന് പ്രതിപക്ഷത്തിന്റെ സ്വരമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു
വി.ഡി.സതീശന് ഏറ്റവും വലിയ അധികാര മോഹിയാണ്. മന്ത്രിയാകാന്‍ സതീശന് ശ്രമിച്ചിട്ട് നടക്കാഞ്ഞതിനാല്‍ കെപിസിസി പ്രസിഡന്റാകാന്‍ വി.ഡി സതീശന് പരമാവധി ശ്രമിച്ചെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ നേതൃ സ്ഥാനത്ത് നിന്ന് മാറ്റേണ്ട കാര്യമില്ലെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.
നേതൃമാറ്റം എന്ന വാര്‍ത്ത സൃഷ്ടിച്ചതിനുപിന്നില്‍ വി.ഡി.സതീശന് ആണെന്ന് ഇപ്പോള്‍ വ്യക്തമാവുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ഐ ഗ്രൂപ്പിനാണ് ശക്തി എന്ന് വരുത്തി തീര്‍ക്കാന്‍ വിഡി സതീശന് നടത്തുന്ന ശ്രമം കേരളത്തിലെ സംഘടനാ ബലം മനസിലാക്കാതെയാണ്. മന്ത്രിയാകാന്‍ ശ്രമിച്ചിട്ട് നടക്കാഞ്ഞതിനെത്തുടര്ന്നാണ് ഹരിത എം.എല്‍.എമാര്‍ എന്ന ഗ്രൂപ്പുമായി വന്നത്. യാതൊരു രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത സതീശന് പെട്ടെന്ന് എന്‍എസ് യു പ്രസിഡന്റാവുകയായിരുന്നു. അല്ലാതെ സീനിയോറിറ്റിയൊന്നും സതീശന് അവകാശപ്പെടാനില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
സമാനമായ ആരോപണവുമായി ഇന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. കേരളത്തില്‍ സതീശന് ഹൈക്കമാന്‍ഡ് ചമയുകയാണെന്ന് മന്ത്രി കെസി ജോസഫും ആരോപിച്ചു.
നേരത്തെ മന്ത്രി കെ ബാബുവും സതീശന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇതിനിടെ സതീശന് പിന്തുണയുമായി ടി.എന്‍ പ്രതാപന് എംഎല്‍എയും, കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴക്കനും രംഗത്തെത്തി. വിമര്‍ശിക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് ആരാണെന്ന് ജോസഫ് വാഴക്കന് ചോദിച്ചും. അധികാരമോഹമുള്ള ആളല്ല സതീശനെന്ന് ടി.എന്‍ പ്രതാപന് എംഎല്‍എ പ്രതികരിച്ചു.
കേരളത്തില്‍ പരിഹരിക്കാനാവാത്ത പ്രശ്നങ്ങള്‍ ഇല്ലെന്നും, കേരളത്തിലെ യഥാര്‍ത്ഥ സ്ഥിതി രാഹുല്‍ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും കെപിസിസി പ്രസിഡണ്ട് വി.എം സുധീരന് ഡല്‍ഹി പറഞ്ഞു.
കേരളത്തില്‍ അഴിമതിയുണ്ടെന്ന് കഴിഞ്ഞ ദിവസം എ.കെ ആന്റണി പറഞ്ഞതിന്റെ ചുവട് പിടിച്ചായിരുന്നു സതീശന്റെ പ്രസ്താവന. എന്നാല്‍ ആന്റണിയുടെ വാക്കുകളെ കൂട്ട് പിടിച്ച് സംസ്ഥാനത്ത് നേതൃമാറ്റത്തിന് തയ്യാറെടുക്കുകയാണ് ഐ ഗ്രൂപ്പെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്നും ഇതു രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തേക്ക് അഭിപ്രായ ഭിന്നതകള്‍ മാറ്റവയ്ക്കണം. പുറമെയുള്ള ഐക്യമല്ല, മാനസികമായ ഐക്യമാണ് പ്രധാനമെന്നും ആന്റണി പറഞ്ഞു. ഞാനും മുഖ്യമന്ത്രിയായിരിക്കേ അഴിമതിക്കെതിരെ നിലകൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, വിജയിച്ചില്ല. നാമെല്ലാവരും കൂട്ടായി ശ്രമിച്ചാല്‍ ഒരു പരിധിവരെ എങ്കിലും കേരളം അഴിമതിമുക്തമാകും. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന് സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി
Discussion about this post