ബംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതിയും പി.ഡി.പി നേതാവുമായ അബ്ദുള്‍ നാസര്‍ മദനിയെ നാളെ നാട്ടിലെത്തിക്കും. ബംഗളൂരു സ്ഫോടനക്കേസില്‍ അറസ്റ്റിലായശേഷം ഇത് രണ്ടാം തവണയാണ് മദനിയ്ക്ക് കേരളത്തിലെത്താന്‍ അനുമതി കിട്ടുന്നത്. ബംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.
നേരത്തെ മകളുടെ വിവാഹത്തിനും ഇപ്പോള്‍ മാതാപിതാക്കളെ കാണാനുമാണ് മദനിയ്ക്ക് കോടതി അനുമതി നല്‍കിയത്.
രാവിലെ ഒമ്പതു മണിയോടെ ആസ്പത്രിയില്‍നിന്ന് അദ്ദേഹം വിമാനത്താവളത്തിലേക്ക് പോകും. യാത്രയില്‍ കനത്ത സുരക്ഷാ ക്രമീകരണമാവും ബംഗളൂരു സിറ്റി പോലീസ് ഒരുക്കുക. യാത്രയ്ക്കുള്ള നടപടികളെല്ലാം പൂര്‍ത്തിയായി.
12.10 നാണ് വിമാനം പുറപ്പെടും. ബംഗലൂരു പോലീസും ഒപ്പമുണ്ടാകും. ഒരു മണിയോടെ വിമാനം നെടുമ്പാശേരിയില്‍ എത്തും.
ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ലെങ്കിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ മദനിയെ സ്വീകരിക്കാന്‍ എത്തുമെന്നാണ് നേതൃത്വം നല്കുന്ന സൂചന. ബന്ധുക്കളുമായി മറ്റുള്ളവരുമായും സംസാരിക്കുന്നതിനും കൂടിക്കാഴ്ചകള്‍ക്കും വിലക്കില്ലെന്ന് മദനിയുടെ അഭിഭാഷകന് വ്യക്തമാക്കി.
അഞ്ചു ദിവസം നാട്ടില്‍ തങ്ങാനുള്ള അനുമതിയാണ് മദനിക്ക് ലഭിച്ചതെങ്കിലും ഒരു ദിവസം മുഴുവന്‍ യാത്ര വേണ്ടിവരുന്നതിനാല്‍ നാലു ദിവസം മാത്രമെ അദ്ദേഹത്തിന് അന്‍വാര്‍ശേരിയില്‍ കഴിയാനാകൂ.
Discussion about this post