കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി കെ.ബാബുവിനെതിരെ വീണ്ടും ഗുരുതരമായ ആരോപണം. തമിഴ്നാട്ടിലെ തേനിയില്‍ വന്‍തോതില്‍ ഭൂമി കെ.ബാബുവാങ്ങിക്കൂട്ടി.
തേനിയില്‍ 200 ഏക്കറോളം ഭൂമി അടുത്തകാലത്ത് മന്ത്രി ബാബുവിന്റെ വളരെ അടുത്ത ബന്ധുക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഭൂമിയില്‍ ഏറിയ പങ്കും മന്ത്രിയുടെ മകളുടെ ഭര്‍തൃപിതാവ് പാലാരിവട്ടം മുണ്ടിയത്ത് എം.എന്‍. ബാബുവിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 100 കോടിയിലേറെ വിലമതിക്കുന്ന ഭൂമി ഇടപാടാണ്നടത്തിയിരിക്കുന്നത്. എം.എന്‍. ബാബുവിന് ഇത്രയും വലിയ ഇടപാട് നടത്താനുള്ള സാമ്പത്തിക ശേഷിയോ വരുമാനമോ ഇല്ലെന്നാണ് സൂചന.
ഭൂമി ഇടപാടിന് പണം മുടക്കിയത് മന്ത്രി കെ.ബാബുവാണെന്നാണ് പ്രധാന ആരോപണം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബാബു തേനിയില്‍ ഒന്നിലേറെ തവണ എത്തിയിരുന്നു. ഇത് തേനിയിലെ റവന്യൂ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു യാത്രകളെല്ലാം. തൊടുപുഴ, അങ്കമാലി എന്നിവിടങ്ങളിലെ രണ്ടു പ്രമുഖ ബാറുടമകളാണ് ഈ ഭൂമി ഇടപാടിന് പിന്നില്‍ ഉണ്ടായിരുന്നതെന്നും സൂചനയുണ്ട്്.
കഴിഞ്ഞ വര്‍ഷമാണ് ബാബുവിന്റെ മകള്‍ പാലാരിവട്ടം മുണ്ടിയത്ത് എം.എന്‍ ബാബുവിന്റെ മകനെ വിവാഹം കഴിച്ചിരുന്നത്.
അഗമല സംരക്ഷിത വനപ്രദേശത്തോട് ചേര്‍ന്ന മാവിന് തോട്ടമാണ് ഈ ഭൂമിയെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. കൊച്ചി മധുര ദേശീയപാത 49 വഴിയും കമ്പം തേനി ദേശീയപാത183 വഴിയും കേരളത്തില്‍ നിന്ന് ഇവിടേക്ക് എത്താനാകും. പഴനി പെരിയകുളം വഴിയും ഇവിടെ എത്തിച്ചേരാനാകും.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കെ.ബാബു 200 കോടിയുടെ സ്വത്ത് സമ്പാദിച്ചതായി ബാര്‍ കോഴക്കേസില്‍ മന്ത്രിക്കെതിരെ മൊഴി നല്കിയ ബാറുടമ ബിജു രമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ബാര്‍കോഴക്കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി കെ ബാബുവിനെതിരെ ഉയരുന്ന ആരോപണം വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും.
Discussion about this post