അരുവിക്കര ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണ്ണായകമാണ്. പാര്‍ട്ടി ശക്തമല്ലാത്ത എട്ടു സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തില്‍ വേരുറപ്പിക്കാനുള്ള അവസരമായാണ് ബിജെപി നേതൃത്വം അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. പാര്‍ട്ടിയുടെ ശക്തി പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അരുവിക്കരയില്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.
തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമായാണ് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. അതിനാല്‍ സംസ്ഥാനത്തെ പ്രബലമായ ഇരു മുന്നണികള്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാകും ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രചാരണ പരിപാടികളും എന്നാണ് വിലയിരുത്തല്‍. യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും ഭരണകാലത്തെ അഴിമതികളും ഒത്തുതീര്‍പ്പ് സമരങ്ങളും ആയുധമാക്കി കേന്ദ്ര നേതാക്കളെ അടക്കം രംഗത്തിറക്കിയുള്ള പ്രചാരണ പരിപാടികള്‍ക്കാണ് ബിജെപി രൂപം നല്‍കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇരുമുന്നണികള്‍ക്കും കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ ബിജെപി സംസ്ഥാന വക്താവ് വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ആറ്റിങ്ങല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ഗിരിജാകുമാരി എന്നിവരുടെ പേരുകളാണ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്യാന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ സാന്നിധ്യത്തില്‍ ജില്ലയിലെ ഭാരവാഹികളുടെ യോഗം 29ന് ചേരും. 31ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.
Discussion about this post