മാഡ്രിഡ്: അണ്ടര്‍-20 കോടിഫ് കപ്പ് കിരീടം അര്‍ജന്റീനയ്ക്ക്. ഫൈനലില്‍ റഷ്യയെ തോല്പിച്ചാണ് അര്‍ജന്റീന കിരീടം നേടിയത്. ഇഞ്ചുറി ടൈമിലെ ഗോളിലായിരുന്നു അര്‍ജന്റീനയുടെ വിജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം അര്‍ജന്റീന രണ്ട് ഗോളുകള്‍ തിരിച്ചടിച്ചു. 92-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ വിജയഗോള്‍ വന്നത്.
സ്പെയ്നില്‍ നടന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീന ആകെ ഒരു തോല്‍വിയേ നേരിട്ടുള്ളു. അത് ഇന്ത്യയോടായിരുന്നു. 2-1നാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ഫുട്ബോളിലെ ചെറുമീനുകളായ ഇന്ത്യ നേടിയ അട്ടിമറി വിജയം വലിയ വാര്‍ത്തയായിരുന്നു.
11-ാം മിനിറ്റില്‍ തന്നെ ഇഗോര്‍ ഡിവീവിന്റെ ഗോളിലൂടെ റഷ്യ മുന്നിലെത്തി. എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ അര്‍ജന്റീന തിരിച്ചടിച്ചു. ഫെകുണ്ടൊ കൊളിഡിയോയായിരുന്നു ഗോള്‍ സ്കോറര്‍. പിന്നീട് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന ഘട്ടമെത്തിയപ്പോള്‍ മാര്‍സ മറിനെല്ലോ 92-ാം മിനിറ്റില്‍ ഗോള്‍ നേടി കപ്പുയര്‍ത്തുകയായിരുന്നു.
സെമിയില്‍ യുറഗ്വായെ തോല്പിച്ചായിരുന്നു അര്‍ജന്റീന ഫൈനലില്‍ എത്തിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ഫെകുണ്ടൊ കൊളിഡിയോയെ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ തന്നെ ജെറോനിമോ പോര്ടുവാണ് മികച്ച ഗോള്‍ കീപ്പര്‍. ഏറ്റവും മികച്ച പരിശീലകനും അര്‍ജന്റീനയുടെ ലിയോണല്‍ സ്കാലോനെയാണ്.
Discussion about this post