ഇന്ത്യ വിക്ഷേപിച്ച് ചന്ദ്രയാനിലെ നാസാ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തില്‍ ജലത്തിന്റെ അംശം കണ്ടെത്തി. നാസയുടെ മൂണ്‍ മിനറളജി മാപ്പര്‍ (എം.3) ആണ് ചന്ദ്രയാനിലുള്ളത്. ചന്ദ്രന്റെ പ്രതലത്തില്‍ മൂന്ന് പ്രദേശങ്ങളിലായി മഞ്ഞുകട്ടയുടെ രൂപത്തിലുള്ള ജലനിക്ഷേപമാണ് കണ്ടെത്തിയത്. ഇതില്‍ ഒന്ന് ചന്ദ്രന്റെ ദക്ഷിണദ്രുവത്തിലെ ഇരുണ്ട ഗര്‍ത്തങ്ങളിലാണ്. ഇവിടെയാണ് ഏറ്റവും കൂടുതല്‍ ജലനിക്ഷേപം കണ്ടത്. സൂര്യപ്രകാശം ഒരിക്കലും പതിക്കാത്ത് ഈ പ്രദേശത്തിന്റെ താപനില മൈനസ് 156 ഡിഗ്രി സെല്‍ഷ്യസാണ്. യു.എസ്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ചന്ദ്രന്റെ ഉത്തരദ്രുവത്തിലും ജലനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രന്റെ പ്രതലത്തില്‍ പല ഭാഗത്തായി കണ്ടെത്തിയ ജലത്തിന്റെ അംശം വളരെയധികം കാലമായി ഉള്ളതാകാമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ചന്ദ്രപ്രതലത്തിലെ പ്രതിഫലനവും ഇന്‍ഫ്രാറെഡ് രശ്മികളുടെ ആഗിരണവും അളന്നാണ് എം.3 മഞ്ഞിന്റെ സാമീപ്യം സ്ഥിരീകരിച്ചത്.
2008ലായിരുന്നു ചന്ദ്രയാന്‍ ഇന്ത്യ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ചന്ദ്ര പര്യവേക്ഷണങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ ചന്ദ്രയാന്‍. 386 കോടി രൂപയാണ് ചന്ദ്രയാന്റെ ചിലവ്.
Discussion about this post