ഗായകന് ഉണ്ണി മേനോന്റെ മകന് അങ്കൂര്‍ ഉണ്ണിയുടെ വിവാഹത്തിന് ആര്‍ഭാടമില്ല. ചിലവ് ചുരുക്കുന്നത് മൂലം ഉണ്ടാകുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ ഇരുപതിനാണ് വിവാഹം നടക്കുന്നത്. തൃശ്ശൂരിലെ ലൂലു കണ്വെന്ഷന് സെന്ററില്‍ വെച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിവാഹത്തിന്റെ വേദി മാറ്റിയിരിക്കുകയാണ്. അതേ ദിവസം ചെന്നൈ മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തില്‍ വെച്ചായിരിക്കും വിവാഹം നടക്കുക. 2,500 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഈ സംഖ്യയും കുറച്ചിട്ടുണ്ട്. ആകെ 200 പേരെ മാത്രമെ ചടങ്ങിന് ക്ഷണിച്ചിട്ടുള്ളു.
കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ആഘോഷിക്കുന്നത് ശരിയല്ലെന്നും ഈ തീരുമാനം പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ആലോചിച്ചിട്ടാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ലുലു അധികൃതര്‍ മണ്ഡപം ശരിയാക്കി കല്യാണം നിശ്ചയിച്ച രീതിയില്‍ നടത്താം എന്നു പറഞ്ഞിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് ഉണ്ണി മേനോന് അറിയിക്കുകയായിരുന്നു.
അങ്കൂര്‍ ഉണ്ണി ചെന്നൈയില്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്നു. അതേസമയം പെണ്‍കുട്ടിയായ കാവ്യ ദുബായിലാണ് താമസം.
Discussion about this post