ഇന്ത്യയിലെ ജയിലുകള്‍ മനുഷ്യര്‍ക്ക് താമസിക്കാന്‍ പറ്റുന്നവയല്ലായെന്നും അവിടുത്തെ ടോയ്ലറ്റുകള് തനിക്ക് ഉപയോഗിക്കാന്‍ പറ്റുന്നവയല്ലായെന്നും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി നാട് വിട്ട വ്യപാരി മെഹുല്‍ ചോക്സി. നേരത്തെ വിജയ് മല്ല്യയും ഇതേ കാരണം പറഞ്ഞിരുന്നു. മെഹുല്‍ ചോക്സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സി.ബി.ഐ, ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇന്റര്‍പോളിനോട് ചോക്സി ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥയെപ്പറ്റി പറഞ്ഞത്. ഇവിടുത്തെ ജയിലുകള്‍ മനുഷ്യര്‍ക്ക് പാര്‍ക്കാന്‍ പറ്റാത്തവയാണെന്നും തൊഴുത്തുകളെക്കാള് കഷ്ടമാണെന്നും ചോക്സി പറഞ്ഞു.
ഇത് കൂടാതെ മാധ്യമങ്ങള്‍ തനിക്കെതിരെ മീഡിയ ട്രയല്‍ നടത്തുകയാണെന്നും ഇത് ജുഡീഷ്യറിയെ സ്വാധീനിക്കുമെന്നും ചോക്സി ചൂണ്ടിക്കാട്ടി. ഇത് മൂലം തനിക്ക് ഇന്ത്യയില്‍ നീതി കിട്ടില്ലെന്നും ചോക്സി പറഞ്ഞു. നിലവില്‍ മെഹുല്‍ ചോക്സി ആന്റിഗ്വയിയിലാണ് കഴിയുന്നത്. ഇന്ത്യയില്‍ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും തന്റെ സ്ഥാപനത്തിലെ ജീവനക്കാരും ഫാഞ്ചൈസി ഉടമകളും തനിക്കെതിരാണെന്നും ചോക്സി പറഞ്ഞു. മെഹുല്‍ ചോക്സിയും നീരവ് മോദിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,578 കോടി രൂപയാണ് തട്ടിയെടുത്തത്.
നിരവ് മോദി, അനുജന് നിഷാല്‍ മോദി, സഹായി സുഭാഷ് പരബ് എന്നിവര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ചോക്സിക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കുന്ന കാര്യത്തില്‍ ഇന്റര്‍പോള്‍ മറുപടി നല്‍കിയിട്ടില്ല.
Discussion about this post