ബാഡ്മിന്റണ്‍ താരമായ സൈന നേവാളിന് വിവാഹം. പത്ത് വര്‍ഷത്തിലധികമായി പ്രണയിച്ച് കൊണ്ടിരുന്ന പി.കശ്യപാണ് വരന്‍. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ നേടിയിട്ടുണ്ട് കശ്യപ്. ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വെച്ചാകും വിവാഹം. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ഉണ്ടാകുക. തുടര്‍ന്ന് ഡിസംബര്‍ 21ന് വിവാഹ സത്കാരവും നടത്തുന്നതായിരിക്കും.
ഇരുവരും തങ്ങളുടെ പ്രണയം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. 2005-ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. സഹതാരങ്ങളായ കിദംബി ശ്രീകാന്ത്, സായ് പ്രണീത്, ഗുരുസായ്ദത്ത് എന്നിവര്‍ ഇവരുടെ പ്രണയത്തെപ്പറ്റി അറിയാമായിരുന്നു. 2013-ല്‍ കശ്യപ് ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു.
കായിക താരങ്ങള്‍ തമ്മില്‍ വിവാഹിതരാകുന്നത് ഇതാദ്യമായല്ല. സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍-ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്, വോളിബോള്‍ താരം പ്രതിമ സിങ്ങ്-ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ, ഗുസ്തി താരങ്ങളായ ഗീത ഫൊഗാട്ട്-പവന്‍ കുമാര്‍ എന്നിവരാണ് ഇതിന് മുമ്പ് വിവാഹിതരായ ഇന്ത്യന്‍ കായിക താരങ്ങള്‍.
Discussion about this post