ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ക്ക് സവിശേഷതകളേറെയാണ്. അതീവ പ്രഹരശേഷിയുള്ള മെറ്റോര്‍ മിസൈലുകളും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് മിസൈലും, ഫ്രാന്‍സിന്റെ എയര്‍ ടു എയര്‍ മിസൈലായ മൈക്കയും തൊടുത്ത് വിടാനുള്ള കഴിവ് റാഫേലിനുണ്ട്.
മെറ്റോര്‍ എന്ന അതീവ പ്രഹരശേഷിയുള്ള മിസൈല്‍ എയര്‍ ടു എയര്‍ മിസൈലാണ്. വളരെ വേഗത്തില്‍ ലക്ഷ്യത്തിലെത്താന്‍ മെറ്റോറിന് സാധിക്കും. ഇലക്ട്രോണിക് റഡാര്‍ ഉപയോഗിച്ചാണ് മെറ്റോര്‍ മിസൈലുകള്‍ നിയന്ത്രിക്കുക. യൂറോപ്പിലെ മിസൈല്‍ നിര്‍മാതാക്കളായ എം.ബി.ഡി.എ ആണു മെറ്റോര്‍ മിസൈലിന്റെ നിര്‍മാതാക്കള്‍. 100 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യത്ത് എത്താന്‍ ഈ മിസൈലുകള്‍ക്ക് സാധിക്കും. ലോകത്ത് ഈ ഇനത്തില്‍ ഇപ്പോഴുള്ള മിസൈലുകളേക്കാള്‍ ആറിരട്ടി കൈനറ്റിക് ശക്തി മെറ്റോറിനുണ്ട്.
വളരെ കുറച്ച് ഇന്ധനം മാത്രമെ ഉപയോഗിക്കു എന്നതും മെറ്റോറിന്റെ സവിശേഷതയാണ്. വിക്ഷേപണ സമയത്ത് കുറച്ച് ഇന്ധനം ഉപയോഗിച്ച് ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ട നിമിഷങ്ങളില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കും എന്നതാണ് പ്രത്യേകത.
അതേസമയം ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ റഷ്യയുടെ സുഖോയ് പോര്‍വിമാനത്തില്‍ നിന്നും വിജയകരമായി പരീക്ഷിച്ചിരുന്നു. രണ്ടു ടണ്‍ ഭാരമുള്ള ബ്രഹ്മോസ് റാഫേലില്‍ നിന്നും തൊടുക്കാനാകുമോ എന്നത് പരീക്ഷിക്കേണ്ടിയിരിക്കുന്നു.
ഇത് കൂടാതെ ഫ്രാന്‍സിന്റെ തന്നെ എയര്‍ ടു എയര്‍ മിസൈല്‍, മൈക്ക വിക്ഷേപിക്കാനുള്ള ശേഷിയും റാഫേലിനുണ്ട്. പൈലറ്റിന്റെ കാഴ്ചയ്ക്ക് അപ്പുറത്തെ ലക്ഷ്യങ്ങളെ വരെ നേരിടാന്‍ ശേഷിയുള്ളതാണ് മൈക്ക മിസൈല്‍.
പാക്, ചൈന വെല്ലുവിളികളെ നേരിടാന്‍ ഏറ്റവും പുതിയ അത്യാധുനിക സെന്‍സറുകളുള്ള പോര്‍വിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടത്. ഇന്ത്യയുടെ റഫാലില്‍ ഘടിപ്പിക്കുന്ന സെന്‍സറുകള്‍ നിര്‍മിക്കുന്നത് ഇസ്രയേലാണ്. കൃത്യതയുടെ കാര്യത്തില്‍ ഇസ്രയേല്‍ റഡാറുകള്‍ മികച്ചതാണ്.
Discussion about this post