മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിനി അനൂജയുടേത് കൊലപാതകമെന്ന നിഗമനത്തില്‍ കേസന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നതായി സൂചന. ആത്മഹത്യയെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ കേസ് എഴുതി തള്ളിയ ലോക്കല്‍ പോലിസിന്റെ കണ്ടെത്തലുകളില്‍ ഏറെ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കളമശ്ശേരിയിലെ വാടകവീട്ടില്‍ മുടിമുറിച്ച് തൂങ്ങിമരിച്ച നിലയിലാണ് അനൂജയെ കണ്ടെത്തിയിരുന്നത്. ഒറ്റ നോട്ടത്തില്‍ ദുരൂഹത തോന്നാവുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അന്ന് സ്ഥലം പരിശോധിച്ച ആര്‍ടിഒ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ തുടക്കത്തില്‍ കാര്യമായി ഇടപെടാതിരുന്ന പോലിസ് ആത്മഹത്യ എന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു.
പോലിസ് നിലപാടിനെതിരെ സംഘപരിവാര്‍ സംഘടനകളും ആക്ഷന്‍ കൗണ്‍സിലും രംഗത്തെത്തിയതോടെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
അനൂജയുടേത് കൊലപാതകമാണെന്നും, വിവാഹം കഴിയ്ക്കാതെ ഒപ്പം താമസിച്ചിരുന്ന സലിം ഖലീലിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അനൂജയുടെ അമ്മ ഷൈലജ രംഗത്തെത്തി. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, മതം മാറാന്‍ വിസമ്മതിച്ചതിനാല്‍ അവളെ കൊല്ലുകയായിരുന്നുവെന്നുമാണ് ഷൈലജ പറയുന്നത്.പോലിസ് ആത്മഹത്യവാദം ഉയര്‍ത്തിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവും ഉയര്‍ന്നു.
മരണത്തിന് മുന്‍പ് അനൂജ ക്രൂരമായി ലൈംഗിക പീഢനത്തിനിരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മുടി മുറിച്ചത് താനാണെന്ന് ഖലിലും പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. അനൂജ ആവശ്യപ്പെട്ട പ്രകാരം മുടിമുറിച്ചുവെന്ന ഇയാളുടെ വാദം എങ്ങനെ മുഖ്വിലയ്ക്കെടുക്കാനാകും എന്ന ചോദ്യവും ഉയരുന്നു. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി ഖലിലിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹിതിനാണെന്ന വിവരം മറച്ച് വെച്ചാണ് വിവാഹവാഗ്ദാനം നല്കി ഇയാള്‍ പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ചിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഖലീലും അനൂജയും പിന്നീട് ഒരുമിച്ച് കഴിയുകയായിരുന്നു. എറണാകുളം മഹരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന അനൂജ ഫേസ്ബുക്കിലൂടെ ശക്തമായ ഇടത് പക്ഷ പുരോഗമന ആശയങ്ങള്‍ പങ്കുവച്ചിരുന്നു. മതത്തിന് അതീതമായി ജീവിക്കുന്നതുള്പ്പടെ ശക്തമായ ഉള്‍ക്കാഴ്ചയുണ്ടായിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ല എന്നായിരുന്നു അനൂജയുടെ സഹപാഠികളും പറയുന്നത്.
അനൂജയെ പ്രണയിച്ച് മതം മാറ്റാനുള്ള ശ്രമമാണെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ലൗവ് ജിഹാദിന്റെ ഭാഗമായി നടന്നകൊലപാതകത്തിന് കാരണക്കാരായവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും സംഘപരിവാര്‍ നേതാക്കള്് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യവും ശക്തമാണ്. ഒരു കൊലപാതകമുള്‍പ്പടെ ഒന്‍പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആരോപണവിധേയനായ ഖലീല്‍.
Discussion about this post