നടനും സി.പി.എം എം.എല്‍.എയുമായ മുകേഷിനെതിരെ മാധ്യമ പ്രവര്‍ത്തകയായ ടെസ് ജോസഫ് നടത്തിയ ആരോപണങ്ങള്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ് മുകേഷ്. 19 കൊല്ലം മുമ്പ് ചെന്നൈയില്‍ വെച്ച് ഒരു ചാനല്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം. തന്നോട് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും തനിക്ക് താല്പര്യമില്ലാതിരുന്നിട്ടും മുകേഷ് തന്റെ തോളില്‍ കൈയ്യിട്ടെന്നും പെണ്‍കുട്ടി ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.
എന്നാല്‍ താന്‍ ഈ പെണ്‍കുട്ടിയെ ഓര്‍ക്കുന്നത് കൂടിയില്ലാ എന്നാണ് മുകേഷ് പ്രതികരിച്ചത്. മീ ടൂ ക്യാമ്പെയിനെ താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ താനാണ് ഫോണില്‍ വിളിച്ചതെന്ന് തെളിവില്ലല്ലോ എന്നായിരുന്നു മുകേഷിന്റെ മറുചോദ്യം. ശല്യം സഹിക്കാനാവതെയായപ്പോള് താന്‍ പരിപാടിയില്‍ നിന്ന് പിന്മാറിയെന്നും തന്റെ മേധാവിയും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ ഡെറിക്ക് ഒബ്രെയിനോട് വിവരം പറഞ്ഞിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ഡെറിക്ക് ഒബ്രെയിന്‍ അടുത്ത വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ ടിക്കറ്റ് അയച്ചുതന്ന് സഹായിച്ചെന്നും ടെസ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം വരുന്ന ശനിയാഴ്ച പ്രളയ ദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ വേണ്ടി ‘സെല്‍ മീ ദി ആന്‍സര്‍’ എന്ന ചാനല്‍ പരിപാടിയ താന്‍ അവതരിപ്പിക്കുന്നുണ്ടെന്ന് മുകേഷ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങള്‍ക്ക് താരം ഉത്തരം നല്കാന് വിസമ്മതിക്കുകയായിരുന്നു.
സര്‍ക്കാരിന് ലൈംഗികാരോപണ പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലന് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post