വിമന്‍ ഇന്‍ സിനിമാ കളക്റ്റീവിന്റെ (ഡബ്ല്യു.സി.സി) ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് നടന്‍ ബാബുരാജ്. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ നടികളെ നടിമാര്‍ എന്ന് വിശേഷിപ്പിച്ചതില്‍ എന്താണ് പ്രശ്‌നമെന്ന് ബാബുരാജ് ചോദിച്ചു. ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്നും നടിക്ക് നീതി ലഭിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകുമെന്നും ബാബുരാജ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡബ്ല്യു.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഡബ്ല്യു.സി.സി അംഗങ്ങള്‍ എ.എം.എം.എ അംഗങ്ങള്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ചത്. ആക്രമിക്കപ്പെട്ട് നടിയെപ്പറ്റി ബാബുരാജ് മുമ്പ് പറഞ്ഞ പരാമര്‍ശത്തെയും അവര്‍ വിമര്‍ശിച്ചിരുന്നു. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്ന് താന്‍ പറഞ്ഞത് ഒരു പഴഞ്ചൊല്ലാണെന്ന് ബാബുരാജ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്ക് നിലവില്‍ ആരെ വിശ്വസിക്കണം എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത് എന്നാണ് അത് കൊണ്ട് താന്‍ ഉദ്ദേശിച്ചതെന്നും ബാബുരാജ് പറഞ്ഞു. ഈ പഴഞ്ചൊല്ല് നടി പാര്‍വതി അര്‍ഥമറിയാത്തിനാല്‍ തെറ്റിദ്ധരിച്ചതാകാമെന്നും ബാബുരാജ് പറഞ്ഞു.
ഇത് കൂടാതെ ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യു.സി.സിയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. മുമ്പ് തന്നെയും തിലകനെയും സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും അതെന്താണു ഡബ്ല്യു.സി.സി കാണാത്തതെന്നും അദ്ദേഹം ചോദിച്ചു. പ്രസിഡന്റായ മോഹന്‍ാലിലെ അയാള്‍, അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് ഡബ്ല്യു.സി.സി അംഗങ്ങള്‍ വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോപണങ്ങളോട് എ.എം.എം.എ പ്രതികരിക്കുമെന്നും 24ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചേരുമെന്നും ബാബുരാജ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട് സംഭവത്തില്‍ വോയ്‌സ് ക്ലിപ്പുകള്‍ തങ്ങളുടെ കയ്യിലും ഉണ്ടെന്നും അതൊന്നും പുറത്തുവിട്ടു സംഘടന വലുതാക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എ.എം.എം.എയുടെ ബൈലോ തിരുത്താന്‍ പാടില്ലെന്നും അടുത്ത ജനറല്‍ ബോഡി മീറ്റിങ്ങിന് മാത്രമാണ് ദിലീപിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാകൂവെന്നും ബാബുരാജ് പറഞ്ഞു.
Discussion about this post