ജൂണ്‍ 21നു നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിലേയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പുറമേ എല്ലാ പാര്‍ലമെന്റ് അംഗങ്ങളേയും സര്‍ക്കാര്‍ പരിപാടിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളും കെജ്രിവാളും പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
രാജ്പത്തില്‍ നടക്കുന്ന പരിപാടിയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്ന് സാംസ്കാരിക വകുപ്പു മന്ത്രി ശ്രീപദ് നായിക് പറഞ്ഞു. യോഗ ദിനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പ്രധാന മന്ത്രി നേരിട്ടാണ് വിലയിരുത്തുന്നത്. യോഗ ആചാര്യന്മാരും ആദ്ധ്യാത്മിക നേതാക്കളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു. യോഗ ദിനമാഘോഷിക്കാനുള്ള തീരുമാനത്തിന് ആഗോളതലത്തില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് മോദി തന്റെ ഫേസ്ബുക് പോസ്ററില്‍ കുറിച്ചു.
ലോകത്താകമാനം 250 നഗരങ്ങളിലും 190 രാജ്യങ്ങളിലും യോഗദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു്. യോഗ ദിനത്തോടനുബന്ധിച്ച് പ്രത്യക പോര്‍ട്ടല്‍ വിദേശകാര്യ മന്ത്രാലയം പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വാര്‍ത്താ മാധ്യമങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പരിപാടിക്ക് പ്രചാരണം നല്‍കാനാണ് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ തീരുമാനം.
എന്നാല്‍ യോഗദിനത്തിലേയ്ക്ക് നേതാക്കളെ ക്ഷണിച്ചത് പരിപാടിക്ക് അമിതപ്രചാരം ലഭിക്കാനുള്ള കപടതന്ത്രം മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങവി പ്രതികരിച്ചു. പരിപാടിയെ പറ്റി കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പ്രചരണങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post