ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ ജയിലിലുള്ള തമിഴ് പുലികളെ വിട്ടയച്ചേക്കുമെന്ന് പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെ മകന് നമല്‍ രാജപക്സെ വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രസിഡന് മൈത്രിപാല സിരിസേനയും രാജപക്സയും ഇതേപ്പറ്റിയുള്ള തീരുമാനം ഉടന്‍ എടുത്തേക്കുമെന്ന നമല്‍ ട്വിറ്ററില്‍ തമിഴില്‍ കുറിച്ചു. ഇത് പാര്‍ലമെന്റില്‍ തമിഴരുടെ പിന്തുണ ലഭിക്കാനാണെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ പറയുന്നു.
മഹീന്ദ രാജപക്സയ്ക്ക് പാര്‍ലമെന്റില്‍ 100 എം.പിമാരാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട റനില്‍ വിക്രമസിംഗേയ്ക്കുള്ളത് 103 എം.പിമാരുടെ പിന്തുണയാണ്. ജയിലിലുള്ള തമിഴ് പുലികളെ വിട്ടയച്ചാല്‍ തമിഴ് പാര്‍ട്ടിയായ തമിഴ് നാഷണല്‍ അലയന്‍സിന്റെ (ടി.എന്‍.എ) എം.പിമാരുടെ പിന്തുണ ലഭിക്കുമെന്നാണ് രാജപക്സ കണക്കാക്കുന്നത്. നിലവില്‍ ടി.എന്‍.എ രാജപക്സയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
പ്രത്യേക രാജ്യം വേണമെന്ന ആവശ്യവുമായി തമിഴ് പുലികള്‍ ഏകദേശം 30 വര്‍ഷക്കാലം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് 2009ല്‍ തമിഴ് പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന് കൊല്ലപ്പെട്ടതിന് ശേഷം തമിഴ് പുലികളെ അന്നത്തെ രാജപക്സ സര്‍ക്കാര്‍ ജയിലിലടയ്ക്കുകയായിരുന്നു.
Discussion about this post