ജമ്മു കശ്മീരില്‍ നിയമസഭ പിരിച്ച് വിട്ടിരിക്കുന്ന സാഹചര്യത്തില്‍ പി.ഡി.പി പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലായെന്ന് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്മാന് സജദ് ഗാനി ലോണെ അഭിപ്രായപ്പെട്ടു. പി.ഡി.പിയുടെ നേതാവ് മെഹ്ബൂബ മുഫ്തിയോട് കോടതിയില്‍ ചെന്ന് തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കാന്‍ സജദ് ഗാനി ലോണെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
പീപ്പിള്‍സ് കോണ്‍ഫറന്‍സിന് ഭൂരിപക്ഷം തെളിയിക്കാനുള്ള സംഖ്യയുണ്ടെന്നും സജദ് ഗാനി ലോണെ പറഞ്ഞു.
ബുധനാഴ്ചയായിരുന്നു ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യ പാല് മാലിക്ക് നിയമസഭ പിരിച്ച് വിട്ടത്. പി.ഡി.പി, നാഷണല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് ഭൂരിപക്ഷമുണ്ടെന്നും തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞതിന് പുറകെയായിരുന്നു നിയമസഭ പിരിച്ച് വിട്ടത്. ഇവര്‍ 87 അംഗങ്ങളുള്ള നിയമസഭയില്‍ 56 അംഗങ്ങളുടം പിന്തുണയുണ്ടെന്നാണ് പറഞ്ഞത്.
അതേസമയം പീപ്പിള്‍സ് കോണ്‍ഫറന്‍സും തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് വാദം അതേ ദിവസം ഉന്നയിക്കുകയുണ്ടായി. അവര്‍ 45 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് വാദിച്ചത്. ഇതില്‍ 25 ബി.ജെ.പി എം.എല്‍.എമാരും 18 മറ്റ് എം.എല്‍.എമാരുമുള്പ്പെടും.
അടുത്ത ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പുതിയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യാഴാഴ്ച പറഞ്ഞിരുന്നു. 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളുടെ എല്ലാ വശങ്ങളും വിലയിരുത്തിയതിന് ശേഷം മാത്രമായിരിക്കും തിരഞ്ഞെടുപ്പിന്റെ തീയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുക.
Discussion about this post