സ്വര്‍ണ്ണക്കടത്ത് പ്രതിയുടെ കരുതല്‍ തടങ്കല്‍ ഒഴിവാക്കണമെന്ന ശുപാര്‍ശയുമായി ഇടത് എം.എല്‍.എമാര്‍ രംഗത്ത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അബു ലെയ്സിന്റെ കരുതല്‍ തടങ്കലാണ് ഒഴിവാക്കണമന്നെ് എം.എല്‍.എമാര്‍ വന്നിരിക്കുന്നത്. ഇടത് സ്വതന്ത്ര എം.എല്‍.എമാരായ പി.ടി.എ.റഹീം, കാരാട്ട് റസാഖ് എന്നിവരാണ് ശുപാര്‍ശയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇവര്‍ ആഭ്യന്തര വകുപ്പി അഡീഷണല്‍ സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
കോഫെ പോസെ ചുമത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞുവെന്നും അത് കൊണ്ട് തന്നെ അബു ലെയ്സിനെ ഇതില്‍ നിന്നും ഒഴിവാക്കണമെന്നും ഇവര്‍ വാദിക്കുന്നു.
അതേസമയം അറസ്റ്റ് നടക്കുന്ന സമയം കണക്കുകൂട്ടിയാണ് ഒരു വര്‍ഷം പരിഗണിക്കുന്നതെന്ന് കണ്ടെത്തി ആഭ്യന്തര വകുപ്പ് അപേക്ഷകള്‍ തള്ളുകയായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളെ വഴി 35 കിലോഗ്രാം സ്വര്‍ണ്ണം കടത്തിയെന്ന കേസില്‍ 2014ലായിരുന്നു അബു ലെയ്സിനെതിരെ ഡി.ആര്.ഐ ഒരു വര്‍ഷത്തെ മുന്‍കരുതല്‍ തടങ്കലിന് വകുപ്പുള്ള കൊഫെ പോസെ ചുമത്തിയത്. ഇതേത്തുടര്‍ന്ന് അബു ലെയ്സ് ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഇയാള്‍ അനധികൃതമായി കേരളത്തിലെത്തിയപ്പോള്‍ ഡി.ആര്.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ അബു ലെയ്സ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്.
കാരാട്ട് റസാഖും അബു ലെയ്സും ദുബായില്‍ ഒരുമിച്ച് നില്ക്കുന്ന ചിത്രം കുറച്ച് നാള് മുന്‍പ് പുറത്തിറങ്ങിയിരുന്നു.
Discussion about this post