ശബരിമലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ്ിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍ നിന്നും കണ്ണൂര്‍ ജയിലിലേക്ക് മാറ്റി. പോലീസ് തനിക്കെതിരെ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കള്ളക്കേസുകളാണെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ തനിക്ക് ജാമ്യം ലഭിക്കുമെന്നുറപ്പായപ്പോള്‍ ചിറ്റാര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച കേസും തന്റെ തലയില്‍ കെട്ടി വെക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കണ്ണൂരിലെ എസ്.പി ഓഫീസ് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.സുരേന്ദ്രനെതിരെ കണ്ണൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെ സുരേന്ദ്രനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതായിരിക്കും. ഞായറാഴ് രാത്രി സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.
അതേസമയം ശബരിമല വിഷയം തുടങ്ങിയതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരില്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലും മ്യൂസിയം സ്റ്റേഷനിലുമുണ്ടായിരുന്ന കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയും കോടിയേരിയും ഇത്ര ഭീരുക്കളാണോയെന്നും സുരേന്ദ്രന് ചോദിച്ചു. ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ ഒരു വനിത ബലാല്‍സംഗ പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post