ഇരുമുന്നണികളെയും പാഠം പഠിപ്പിക്കാന്‍ എസ്എല്‍ഡിപി ഇറങ്ങുമ്പോള്‍ അരുവിക്കര തെരഞ്ഞെടുപ്പിന് പുതിയ മാനം കൈവരുകയാണ്. അരുവിക്കരയില്‍ എസ്എന്‍ഡിപി എടുക്കുന്ന നിലപാട് ഇടത് വലത് മുന്നണികളും, ബിജെപിയും കാത്തിരിക്കുകയായിരുന്നു.
മനസാക്ഷി വോട്ട് ചെയ്യാനാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തത്. പൊതുവെ പ്രതീക്ഷിച്ചിരുന്ന നിലപാട്. എന്നാല്‍ ഇരുമുന്നണികള്‍ക്കും ഒരു ഷോക്ക് ട്രീറ്റമെന്റ് ആയിരിക്കും തെരഞ്ഞെടുപ്പ് എന്ന അനുബന്ധ വിശദീകരണമാണ് വോട്ടര്‍മാരെ കുഴക്കുന്നത്. ഇരുമുന്നണികള്‍ക്കും ഷോക്കെന്ന് പറയുമ്പോള്‍ വെള്ളാപ്പള്ളി ഉദ്ദേശിച്ചത് ബിജെപിയെ പിന്തുണയക്കാനല്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഇങ്ങനെ വളച്ച് കെട്ടി പറയാതെ നേരിട്ട് അതങ്ങ് പറഞ്ഞാല്‍ പോരെ എന്ന മട്ടില്‍ സോഷ്യല്‍ മീഡിയകളില്‍ തര്‍ക്കങ്ങള്‍ സജീവമാണ്.
വെള്ളാപ്പള്ളിയുടേത് കാഞ്ഞ ബുദ്ധിയാണ് എന്ന മട്ടിലും സോഷ്യല്‍ മീഡിയ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ബിജെപി വിചാരിച്ചയത്ര നേട്ടം കൊയ്തില്ലെങ്കില്‍ ഏല്‍ക്കാവുന്ന ‘ഡാമേജ്’ മുന്നില്‍ കണ്ടാണ് വെള്ളാപ്പള്ളിയുടെ മനസാക്ഷി വോട്ട് ആഹ്വാനമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പരാജയങ്ങളുടെ ഭാരം ഏറ്റെടുക്കാതെആര് ജയിച്ചാലും അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ബുദ്ധിപരമായ നീക്കമാണ് എസ്എന്‍ഡിപിയുടേത് എന്നാണ് വിശകലനം.
എന്നാല്‍ വെള്ളാപ്പള്ളിയുടെ നീക്കം ബിജെപി ക്യാമ്പിന് ആവേശം പകരുമ്പോള്‍ ഇടത് മുന്നണിയ്ക്കാണ് നിരാശ കൂടുതല്‍. എസ്എന്‍ഡിപിയുടെ മൗന പിന്തുണ ലഭിക്കുമെന്നായിരുന്നു ഇടതിന്റെ പ്രതീക്ഷ. എന്നാല്‍ മുന്നണികളെ പാഠം പഠിപ്പിക്കണം എന്ന വിശദീകരണം വന്നതോടെ ഇടത് ക്യാമ്പില്‍ നിരാശയായി. എന്‍എസ്എസ് വോട്ടുകള്‍ വിഭജിക്കുന്നതിനൊപ്പം, എസ്എന്‍ഡിപി വോട്ടുകള്‍ ബിജെപി കൊണ്ടുപോയാല്‍ അത് വിജയകുമാറിന് വലിയ തിരിച്ചടിയാകുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. എസ്എന്‍ഡിപി യൂണിയന്‍ പ്രാദേശിക ഘടകങ്ങളെ കൂടെ നിര്‍ത്താന്‍ എല്‍ഡിഎഫ് ശ്രമം തുടങ്ങി കഴിഞ്ഞു.
മൊത്തം 1,77,605 വോട്ടര്‍മാരാണ് അരുവിക്കരയില്‍. അതില്‍ പുരുഷന്മാരേക്കാള്‍ പതിനായിരത്തോളം സ്ത്രീ വോട്ടര്‍മാരുണ്ട്. വാശിയേറിയ മത്സരം വോട്ടിംഗ് ശതമാനം എണ്‍പതിനുമേല്‍ ഉയര്‍ത്തിയാല്‍ തന്നെ 1,40,000 മുകളിലാണ് ആകെ പോള്‍ ചെയ്യാന്‍ പോകുന്ന വോട്ടുകള്‍. ശക്തമായ ത്രികോണമത്സരമുണ്ടായാല്‍ അരുവിക്കര എങ്ങോട്ടും ചായാവുന്ന അവസ്ഥയാണുള്ളത്. പി.സി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ മുന്നണി പിടിക്കുന്ന വോട്ടുകളും, പിഡിപി സ്ഥനാര്‍ത്ഥി സ്വന്തമാക്കിയേക്കാവുന്ന വോട്ടുകളും മുന്നണികളുടെ ഉറക്കം കെടുത്തും. ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ ഏത് മുന്നണിയുടേതായാലും അത് ഗുണമാകുമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍. എന്‍എസ്എസ് ക്യാമ്പില്‍ നിന്ന് അനുകൂലമായ നിലപാടുകള്‍ പ്രാദേശികമായി ലഭിക്കുന്നുവെന്ന് പ്രചരണ രംഗത്തുള്ള ബിജെപി നേതാക്കള്‍ പറയുന്നു. മോദി അനുകൂലമായ സമീപനം യുവവോട്ടര്‍മാരില്‍ പ്രത്യേകിച്ചും നാടാര്‍ സമുദായത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും ബിജെപി കണക്ക് കൂട്ടുന്നു.
അപ്പുറത്ത് എസ്എന്‍ഡിപി, എന്‍എസ്എസ് നിലപാടുകള്‍ യുഡിഎഫിനെ ആശങ്കയിലാക്കുന്നുണ്ട്. സാമുദായി സംഘടന നേതൃത്വം എടുക്കുന്ന സമീപനം എന്തായാലും അണികളുടെ വോട്ട് ചോരില്ല എന്ന പ്രതീക്ഷയാണ് വലത് മുന്നണി കേന്ദ്രങ്ങള്‍ പങ്കുവെക്കുന്നത്.
എന്തായാലും ബിജെപിയ്ക്ക് ഗുണകരം എന്ന നിലയില്‍ എസ്എന്‍ഡിപി എടുത്ത നിലപാട് ഇരുമുന്നണികള്‍ക്കും തലവേദനയാകുമ്പോള്‍ ബിജെപി ക്യാമ്പിന് അത് വലിയ ആവേശമാണ് നല്‍കുന്നത്.
Discussion about this post