ലക്നൗ: ഷാജഹാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടെരിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയും എസ്ഐയും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു.
പിന്നാക്ക വിഭാഗം ക്ഷേമ മന്ത്രി രാം മൂര്‍ത്തി സിംഗ് വര്‍മ്മ, ഇന്‍സ്പെക്ടര്‍ ശ്രീ പ്രകാശ് റായ്, ഗുഫ്റാന്‍, ആകാശ് ഗുപ്ത, അമിത് പ്രതാപ് സിംഗ്, ബുരെ എന്നിവരാണ് മാധ്യമ പ്രവര്‍ത്തകനായ ജഗേന്ദ്ര സിംഗിനെ തീവച്ച് കൊന്ന കേസിലകപ്പെട്ട പ്രതികള്‍. കൊലപാതകം, ഗൂഢാലോചന, മനഃപൂര്‍വമായ അപമാനത്തിലൂടെയുള്ള സമാധാനലംഘനം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര് തയ്യാറാക്കിയത്.
ജൂണ്‍ ഒന്നിന് ഒരു സംഘം അക്രമികള്‍ വികാസ് കോളനിയിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. മന്ത്രിക്കെതിരെ പ്രചരണം നടത്തിയതിനാണ് അദ്ദേഹം അക്രമികളെ ഉപയോഗിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ആശുപത്രിയില്‍ വച്ച് ജഗേന്ദ്ര മൊഴി നല്കി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലപ്പെട്ട ജഗേന്ദ്രയുടെ മകനായ രാഘവേന്ദ്ര പുവയാന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നിയമവിരുദ്ധ ഖനനത്തിലും ഭൂമികൈയ്യേറ്റത്തിലുമുള്ള മന്ത്രിയുടെ പങ്കിനെ സംബന്ധിച്ച ഫേസ് ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് ജഗേന്ദ്രയെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Discussion about this post