ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രമായ ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയുടെ പ്രതിരോധ കരാറുകളില്‍ ഇടനിലക്കാരില്ലാത്തത് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തുന്നുവെന്നും ഇത് മൂലം അവര്‍ കോടതികളെ വിശ്വസിക്കാനാകില്ലായെന്ന തെറ്റായ പ്രചരണം നടത്താന്‍ ശ്രമിക്കുകയാണെന്നും മോദി വിമര്‍ശിച്ചു. റായ് ബറേലിയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് അഴിമതിയില്‍ ഇടനിലക്കാരനായ കൃസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് തങ്ങളുടെ ഒരാളെ അഭിഭാഷകന് എന്ന നിലയില്‍ മിഷേലിനെ രക്ഷിക്കാനായി പറഞ്ഞയച്ചിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
റായ് ബറേലിയിലെ അത്യാധുനിക കോച്ച് ഫാക്ടറിക്ക് 2007ല്‍ അനുമതി നല്‍കിയതായിരുന്നുവെന്നും ഇത്രയും നാള് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കഴിവ് കേട് കൊണ്ടാണ് പദ്ധതി ഉടലെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. റായ്ബറേലിയുടെ വികസനത്തിനായി കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോച്ച് ഫാക്ടറയില്‍ നിന്നും 900ാമത്തെ കോച്ചിന്റെ ഉദ്ഘാടനവും മോദി നിര്‍വ്വഹിച്ചു.
മോദി തന്റെ പ്രസംഗത്തിനിടയില്‍ 1971ല്‍ പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ ജീവന് വെടിഞ്ഞ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയും ചെയ്തു. രാജ്യ സുരക്ഷ എന്നത് ബി.ജെ.പി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന കാര്യമാണെന്ന് മോദി അടിവരയിട്ട് പറഞ്ഞു. 2009ല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി ഒരു ലക്ഷത്തില്‍ പരം ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നുവെന്നും പിന്നീടവര്‍ വാക്ക് പാലിക്കാതിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
റായ് ബറേലിയിലെ റാലിക്ക് ശേഷം പ്രയാഗ് രാജില്‍ കുംഭ മേളയ്ക്കുള്ള തയ്യാറെടുപ്പുകള്‍ മോദി വിലയിരുത്തുന്നതായിരിക്കും.
Discussion about this post