ഇന്ത്യയുടെ സംസ്കാരിക പൈതൃകത്തെ ആധുനിക ലോകത്തിന്റെ മന്ത്രമാക്കാനാണ് അന്താരാഷ്ട്ര യോഗ ദിനം ലക്ഷ്യമിടുന്നതെന്ന് അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര വിദഗ്ധന്‍ ധ്യാനേശ്വര്‍ മുലായ്. യോഗ ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമാണെന്ന അംഗീകാരമാണ് അന്താരാഷ്ട്ര യോഗദിനമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ വിവിധ സംഘടനകളും യോഗയെ പിന്തുണയ്ക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളും അമേരിക്കയില്‍ യോഗദിനം ആചരിക്കാന്‍ തയ്യാറെടുക്കുന്നതിനെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയില്‍ ജൂണ്‍ 21ന് നടക്കുന്ന യോഗദിനാഘോഷങ്ങള്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നേതൃത്വം നല്‍കും. യോഗദിനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് അമേരിക്കയിലുടനീളം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹങ്ങളേയും വിവിധ സംഘടനകളേയും ഒരുമിച്ചു നിര്‍ത്തിയാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഘോഷങ്ങള്‍ നടത്തുന്നത്. ജൂണ്‍ 21ലെ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നതിനു പുറമേ ടൈംസ് സ്ക്വയറില്‍ നടക്കുന്ന പരിപാടിയിലും നോര്‍ത്ത് അമേരിക്കയിലെ ഹിന്ദു ടെമ്പിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന യോഗാഭ്യാസ പ്രകടനങ്ങളിലും ലിങ്കണ് സെന്ററില്‍ ശ്രീ ശ്രീ രവിശങ്കര്‍ നയിക്കുന്ന പരിപാടിയിലും സുഷമ പങ്കെടുക്കുന്നുണ്ട്.
ടൈംസ് സ്ക്വറില്‍ സംഘടിപ്പിച്ചിരിക്കുന്ന യോഗദിനാഘോഷങ്ങളില്‍ 30,000ത്തോളം ജനങ്ങള്‍ പങ്കെടുക്കും. ഇതിനു പുറമേ അമേരിക്കയിലെ 100 നഗരങ്ങളില്‍ ആയിരക്കണക്കിനു ജനങ്ങള്‍ പങ്കെടുക്കുന്ന യോഗത്തോണുകളും നടക്കും. വാഷിങ്ടണ്‍, ബോസ്റ്റണ്‍, ഓഹിയോ, ന്യൂ ജെഴ്സി, സാന്‍ ഫ്രാന്‍സിസ്കോ തുടങ്ങി അമേരിക്കയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വിപുലമായ ആഘോഷ പരിപാടികളാണ് യോഗദിനത്തോടനുബന്ധിച്ച് നടക്കുന്നത്.
യോഗയുടെ സാധ്യതയും പ്രാധാന്യവും അമേരിക്കന്‍ ജനത മനസ്സിലാക്കുന്നതിനും ഇന്ത്യയ്ക്ക് യോഗയുമായുള്ള ബന്ധം അവര്‍ തിരിച്ചറിയുന്നതിനും അന്താരാഷ്ട്ര യോഗദിനം സഹായിക്കുമെന്ന് ധ്യാനേശ്വര്‍ മുലായ് പറഞ്ഞു.
Discussion about this post