പത്തനംതിട്ട : സന്നിധാനത്ത് എത്തിയെന്ന അവകാശവാദവുമായി വിവിധ കേസുകളില്‍ പ്രതിയായ യുവതി രംഗത്തെത്തിയത് പോലിസിന് തിരിച്ചടിയായി.പോലിസ് സുരക്ഷ കാരണങ്ങളാല്‍ തിരിച്ചയച്ച യുവതി വൃദ്ധയായി വേഷം മാറി സന്നിധാനത്തെത്തി എന്നാണ് ഇവരുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.. കേരള ദലിത് മഹിളാ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി കൊല്ലം ചാത്തന്നൂര്‍ സ്വദേശി എസ്.പി. മഞ്ജുവാണു സന്നിധാനത്ത് എത്തിയെന്നവകാശപ്പെട്ട് സമൂഹമാധ്യമത്തിലൂടെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടത്.
8നു രാവിലെ 7.30ന് സന്നിധാനത്തെത്തിയെന്നാണ് അവകാശവാദം. എന്നാല്‍ പൊലീസോ ദേവസ്വം അധികൃതരോ ഇത് സ്ഥിരീകരിച്ചിട്ടില്ല. പമ്പയിലെത്തിയ എഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച് പ്രതികരിച്ചില്ല. സന്നിധാനത്ത് എത്തിയെങ്കില്‍ അത് പോലിസിന്റെ വലിയ സുരക്ഷ വീഴ്ച്ചയെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
നേരത്തെ ശബരിമലയില്‍ കയറണമെന്ന് ആവശ്യപ്പെട്ട് പമ്പയില്‍ എത്തിയതിനെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ചതിനു ശേഷം അനുമതി നിഷേധിച്ചിരുന്നു. സന്നിധാനത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്നതിനെ തുടര്‍ന്നാണ് പ്രവേശിക്കാനെത്തിയ യുവതിയെ അന്ന് പൊലീസ് തടഞ്ഞത്.തിരുമുറ്റത്ത് മൊബൈലിലൂടെ ചിത്രമെടുക്കുന്നതും വീഡിയോ എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇതെല്ലാമിരിക്കെ ഇവര്‍ ദൃശ്യങ്ങളെടുത്തത് പൊലീസ് പിന്തുണയോടെ ആണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
‘ചിലര്‍ തന്നെ തിരിഞ്ഞറിഞ്ഞു. എന്നെ മനസിലാക്കിയെന്ന് അറിഞ്ഞപ്പോള്‍ അവരുടെ നീക്കങ്ങള്‍ എന്താണെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു. പൂജാ ദ്രവ്യങ്ങളെല്ലാം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവിലും മലരും ഭസ്മവും മഞ്ഞള്‍പ്പൊടിയും നെയ്ത്തേങ്ങയുമൊക്കെ എവിടെയാണ് സമര്‍പ്പിക്കേണ്ടത് എന്ന് ശബരിമലയില്‍ ഉണ്ടായിരുന്ന മറ്റ് ഭക്തര്‍ പറഞ്ഞുതന്നു”. അയ്യപ്പ സേവാ സമാജത്തിന്റെ സഹായം തേടിയാണ് കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയതെന്നും മഞ്ജു പറഞ്ഞു. അതേസമയം അയ്യപ്പ സേവാ സംഘം ഇക്കാര്യം നിഷേധിച്ചു.
കൊല്ലം ഗസ്റ്റ് ഹൌസ് മാനേജരെയും മറ്റും ആക്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഇവരെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് .സ്ഥാനാര്‍ഥിയായും ഇവര്‍ മത്സരിച്ചിട്ടുണ്ടെന്നാണ് വിവരം.
Discussion about this post