രണ്ടാം ഇന്നിംഗ്സില്‍ ഡിക്ലയര്‍ ചെയ്ത ഹിമാചല്‍ പ്രദേശിന്റെ കണക്കുക്കൂട്ടലുകള്‍ തകര്‍ത്ത് രഞ്ജി ട്രോഫിയില്‍ കേരളത്തിന് അട്ടിമറി വിജയം . കൈവിട്ടുപോയി എന്ന് പ്രതീക്ഷിച്ചിരുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് കേരളം ഹിമാചല്‍ പ്രദേശിനെ പരാജയപ്പെടുത്തിയത് .
297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം 96 റണ്‍സ് എടുത്ത വിനൂപിന്റെയും 92 റണ്‍സ് എടുത്ത സച്ചിന് ബേബിയുടെയും മികവിലാണ് വിജയം സ്വന്തമാക്കിയത് . 61 റണ്‍സ് എടുത്ത് സഞ്ജു സാംസണ് പുറത്താകാതെ നിന്നു .
രാഹുല്‍ പി ( 14 ) സിജോമോന്‍ ജോസഫ് ( 23 ) മുഹമ്മദ് ആസ്ഹറുദ്ധിന് (0) വിനൂപ് (96) സച്ചിന് ബേബി (92) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത് .
ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടാനുള്ള അവസരം കേരളത്തിന് നഷ്ടമായിരുന്നു . ആദ്യ ഇന്നിംഗ്സില്‍ 297 നു എതിരെ ആറു വിക്കറ്റിനു 268 റണ്‍സ് എന്ന നിലയില്‍ നിന്നും കേരളം 286 റണ്‍സില്‍ ഓള് ഔട്ട് ആകുകയായിരുന്നു . 18 വിക്കറ്റ് എടുക്കുന്നതിനിടയില്‍ 5 വിക്കറ്റുകളാണ് കേരളം നഷ്ടപ്പെടുത്തിയത് .
തുടര്‍ന്ന് ലീഡുമായി രണ്ടാം ഇന്നിംഗ്സില്‍ ഇറങ്ങിയ ഹിമാചല്‍ പ്രദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു . എന്നാല്‍ ഹിമാചലിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് കേരളം 297 എന്ന വിജയലക്ഷ്യം മറികടക്കുകയായിരുന്നു .
Discussion about this post