ടി.വി പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്തെത്തി. പരിപാടിക്കിടെ നടത്തിയ മോശം പരാമര്‍ശത്തെ ടീം പിന്തുണക്കുന്നില്ലെന്നും ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍.രാഹുലിനും അവര്‍ പറഞ്ഞതിന്റെ വ്യാപ്തി മനസ്സിലായിട്ടുണ്ടെന്നും കോഹ്ലി പറഞ്ഞു.
ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിക്കിടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. താന്‍ പല സ്ത്രീകളുമായും ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും ഇതേപ്പറ്റി തന്റെ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞിരുന്നു. കൂടാതെ താന്‍ ക്ലബ്ബുകളില്‍ പോയാല്‍ സ്ത്രീകള്‍ അനങ്ങുന്നത് എങ്ങനെയാണെന്ന് നോക്കാറാണ് പതിവെന്നും അവരുടെ പേര് ചോദിക്കാറില്ലെന്നും പാണ്ഡ്യ പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത പാണ്ഡ്യയോടും കെ.എല്‍.രാഹുലിനോടും ബി.സി.സി.ഐ വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് താന്‍ നടത്തിയ പരാമര്‍ശത്തിലൂടെ താന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പാണ്ഡ്യ ട്വിറ്ററില്‍ ഒരു ട്വീറ്റിട്ടിരുന്നു. പരിപാടിയുടെ സ്വഭാവം മൂലമാണ് താന്‍ അങ്ങനെ പറഞ്ഞുപോയതെന്നും പാണ്ഡ്യ വിശദീകരിച്ചു.
നിലവില്‍ ഇന്ത്യന്‍ ടീം ഓസ്ട്രേലിയയുമായുള്ള ഏകദിന പരമ്പരയ്ക്ക് വേണ്ടി ഓസ്ട്രേലിയയിലാണുള്ളത്.
Discussion about this post