2016ല്‍ ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ബോളിവുഡ് ചിത്രം ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്കി’ന്റെ അണിയറ പ്രവര്‍ത്തകര്‍ പൈറസി തടയാനായി നൂതന രീതിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നവരെ കാത്തിരിക്കുന്നത് അണിയറ പ്രവര്‍ത്തകരുടെ ഒരു മിന്നലാക്രമണമാണ്. ചിത്രത്തിലെ ഒരു രംഗം മാത്രമാണ് ഓണ്‍ലൈന്‍ വ്യാജ പതിപ്പ് എന്ന രീതിയില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. രംഗത്തില്‍ പാക്കിസ്ഥാന് നേരെ മിന്നലാക്രമണം പദ്ധതിയിടുന്ന ഇന്ത്യന്‍ സൈനികരെ കാണാനാകും. ഇതിനിടയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്കി കൗശല്‍ പ്രേക്ഷനോട് ‘ഞങ്ങള്‍ നിങ്ങളുടെ സ്‌ക്രീനില്‍ നിങ്ങളറിയാതെ കടന്ന് കൂടി’ എന്നും പറയുന്നു. പാക്കിസ്ഥാനിലേക്ക് ആരുമറിയാതെ കടന്ന് കൂടാമെങ്കില്‍ നിങ്ങളുടെ ടൊറന്റ് ഫയലിലേക്ക് കടന്ന് കൂടാന്‍ സാധിക്കില്ലെന്ന് കരുതിയോ എന്ന് ചിത്രത്തിലെ നായിക യാമി ഗൗതമും ചോദിക്കുന്നു. ചിത്രം ഒളിച്ചും പാത്തും കാണുന്നതിന് പകരം തീയ്യേറ്ററില്‍ ചെന്ന് കാണൂ എന്ന സന്ദേശമാണ് ഇതിലൂടെ അവര്‍ നല്‍കുന്നത്.
ചിത്രം ഇതിനോടകം 60 കോടി രൂപയാണ് വാരിക്കൂട്ടിയത്.
അതേസമയം ചിത്രത്തിന്റെ വ്യാജ ഓണ്‍ലൈന്‍ പതിപ്പ് തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ് പുറത്ത് വിട്ടുവെന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. രജനീകാന്തിന്റെ ‘പേട്ട’, അജിത്തിന്റെ ‘വിശ്വാസം’ എന്നീ ചിത്രങ്ങളും തമിഴ് റോക്കേഴ്‌സ് പുറത്ത് വിട്ടിട്ടുണ്ട്.
https://www.facebook.com/Arin.mandal40/videos/2279802002309399/
Discussion about this post