ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭ മേളയില്‍ ഗംഗാ നദിയില്‍ വിഷം കലര്‍ത്തി ഭക്തരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐ.എസ് ബന്ധമുള്ള ഭീകരര്‍ ഉത്തര്‍ പ്രദേശില്‍ വന്നിരുന്നെങ്കില്‍ അവരെ വക വരുത്തിയേനെയെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇത് പോലുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. 31ാമത് ഉത്തര്‍ പ്രദേശ് സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എസ് ബന്ധമുള്ള ഒന്‍പത് ഭീകരരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡായിരുന്നു പിടികൂടിയത്. ഇതില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന് യോഗി ആദിത്യനാഥ് അഭിനന്ദനമര്‍പ്പിച്ചു. ഗംഗാ നദിയെ മാലിന്യമുക്തമാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും യോഗി ചൂണ്ടിക്കാട്ടി. ഇതിനോടകം 3.5 കോടി ഭക്തജനങ്ങള്‍ കുംഭ മേളയില്‍ സ്നാനം നടത്തിയെന്നും മൊത്തത്തില്‍ 15 കോടിയിലധികം പേര് ഇവിടെ സ്നാനം ചെയ്യുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post