പ്രയാഗ്രാജില് നടക്കുന്ന കുംഭ മേളയില്‍ നാഗ സാധുക്കളായി മാറാന്‍ പോകുന്നത് 10,000ത്തിലധികം പേര്. ഇതില്‍ എന്‍ജിനീയര്‍മാരും, മാനേജ്മെന്റ് ബിരുദ ധാരികളും, പ്ലസ് ടു വിദ്യാര്‍ത്ഥികളുമുള്‍പ്പെടും. കഴിഞ്ഞ ഞായറാഴ്ച 1,100ലധികം പേര്‍ക്ക് നാഗ സാധുക്കളായി മാറാന്‍ വേണ്ടിയുള്ള ദീക്ഷ ലഭിച്ചുവെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് (എ.ബി.എ.പി) അറിയിച്ചു.
ഗുജറാത്തില്‍ നിന്നും വന്ന 27 വയസ്സുകാരന് രജത് കുമാര്‍ റായ് മറൈന്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയിട്ടും നാഗ സാധുവായി മാറാനുള്ള ദീക്ഷ നേടി. ഉക്രൈനില്‍ നിന്നും മാനേജ്മെന്റില്‍ ബിരുദം നേടിയ 29 വയസ്സുകാരന് ശംഭു ഗിരിയും നാഗ സാധുവായി മാറാനുള്ള പാതയിലാണ്.
തലമുടി വടിച്ച് കളയുന്നതാണ് നാഗ സാധുവായി മാറുന്നതിനുള്ള ചടങ്ങില്‍ ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഇവര്‍ സ്വന്തം പിണ്ഡദാനം വരെ ചെയ്യുന്നതാണ്.
നാഗ സാധുവായി മാറുന്നതിനുള്ള ദീക്ഷ ലഭിക്കുന്ന ഒരേയൊരിടം കുംഭ മേളയാണ്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് പേരാണ് നാഗ സാധുക്കളായി മാറാന്‍ വരുന്നത്.
നാഗ സാധുവായി മാറാന്‍ വരുന്നയാളെ അഖാരകള്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ പിന്നീട് അവര്‍ക്ക് വളരെയേറെ നാളുകള്‍ കഴിഞ്ഞാല്‍ മാത്രമാണ് നാഗ സാധുവായി മാറാനുള്ള ദീക്ഷ ലഭിക്കുക. ഇത്രയും നാള് നാഗ ഗുരുക്കള്‍ ഇവരെ പരീക്ഷിക്കുകയാണ് ചെയ്യുക. എല്ലാ തരത്തിലുള്ള ലൗകിക ബന്ധങ്ങളും വേര്‍പ്പെടുത്തി കഴിഞ്ഞാല്‍ മാത്രമാണ് ദീക്ഷ ലഭിക്കുക.
ദീക്ഷ ലഭിച്ച് കഴിഞ്ഞാല്‍ ചിലരോട് ഗുരുക്കള്‍ ഹിമാലയത്തില്‍ ചെന്ന് ധ്യാനിക്കാനായിരിക്കും നിര്‍ദ്ദേശിക്കുക. മറ്റ് ചിലരോട് മാനവ സേവ നടത്താനായിരിക്കും നിര്‍ദ്ദേശിക്കുക.
നാഗ സാധുക്കളുടെ തുടക്കം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവിച്ചത്. ആദി ശങ്കരാചാര്യരാണ് ഇതിന് എ.ഡി എട്ടാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ചത്. രാജ്യത്തിന് വേണ്ടി ജീവന് വരെ നല്കാന് തയ്യാറായി നില്ക്കുന്ന നാഗ സന്യാസിമാരുടെ പരമ്പരയ്ക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. വാരണാസിയിലും ഹരിദ്വാറിലും മുഗള്‍ വംശജര്‍ ആക്രമണം നടത്തിയ വേളയില്‍ നാഗ സന്യാസിമാര്‍ ആയുധമെടുത്ത് ചെറുത്ത് നിന്നിരുന്നു.
Discussion about this post