വനിതാ ക്രിക്കറ്റില്‍ റെക്കോഡുകള്‍ വാരിക്കൂട്ടുകയാണ് ഇന്ത്യയുടെ സ്മൃതി മന്ധാന. അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന വനിതാ ക്രിക്കറ്ററായി സ്മൃതി മന്ധാന മാറി. ന്യൂസിലാന്‍ഡുമായി നടന്നുകൊണ്ടിരിക്കുന്ന ട്വന്റി20 മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ 24 പന്തില്‍ നിന്നുമാണ് സ്മൃതി അര്‍ധ സെഞ്ചുറി നേടിയത്. വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം നടന്നത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം കൈവരിക്കാനായില്ല.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സ്മൃതി നില്‍ക്കുന്നത്. ഏഴ് അര്‍ധ സെഞ്ചുറികളാണ് സ്മൃതി നേടിയിട്ടുള്ളത്. പട്ടികയില്‍ ആദ്യ സ്ഥാനത്ത് നില്‍ക്കുന്നത് മിഥാലി രാജാണ്. 17 അര്‍ധ സെഞ്ചുറികളാണ് മിഥാലി രാജ് നേടിയിട്ടുള്ളത്.
നിലവില്‍ ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ സ്മൃതി ഒന്നാം സ്ഥാനത്താണ്. ന്യൂസിലാന്‍ഡുമായി നടന്ന ഏകദിന മത്സര പരമ്പരയില്‍ 196 റണ്‍സ് നേടിയിരുന്നു സ്മൃതി. പരമ്പരയിലെ മികച്ച താരമെന്ന ബഹുമതിയും സ്മൃതിക്ക് ലഭിച്ചിരുന്നു.
ഇതിന് മുന്‍പ് 2018ലെ മികച്ച വനിതാ ക്രിക്കറ്റര്‍ എന്ന ബഹുമതിയും 2018ലെ മികച്ച ഏകദിന കളിക്കാരി എന്ന ബഹുമതിയും സ്മൃതിയെ തേടിയെത്തിരിയരുന്നു. 12 ഏകദിനങ്ങളില്‍ നിന്നും സ്മൃതി 669 റണ്‍സും 25 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളില്‍ നിന്നും 622 റണ്‍സുമാണ് സ്മൃതി നേടിയത്.
Discussion about this post