തിരുവനന്തപുരം ; മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ വക്കീല്‍ നോട്ടിസയച്ച ഖാദി ബോര്‍ഡിന് എട്ടിന്റെ പണി കൊടുത്ത് നടന് മോഹന്‍ലാല്‍. മാപ്പ് പറഞ്ഞില്ലെങ്കില്‍ 50 കോടി നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് കാണിച്ച് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് പറഞ്ഞു.
മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി കാണിച്ചുള്ള വമ്പന്‍ ടെക്സ്റ്റൈല്‍ ഷോപ്പിന്റെ പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഖാദി ബോര്‍ഡ് നടനും കടയ്ക്കും നോട്ടീസ് അയച്ചിരുന്നു. ഇതിനോട് കടയുടമ പ്രതികരിച്ചില്ല. പ്രതിഛായക്ക് കളങ്കമേല്‍പ്പിച്ചതായി കാണിച്ച് ലാല്‍ വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു.
തെറ്റ് ചെയ്തില്ലെന്ന് ഉത്തമബോധ്യം ഉള്ളതിനാല്‍ മാപ്പ് പറയില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു. 14 ദിവസത്തിനുള്ളില്‍ 50 കോടി നല്‍കുകയോ പരസ്യമായോ മാധ്യമങ്ങളില്‍ക്കൂടിയോ മാപ്പ് പറയുകയോ ചെയ്യണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഒന്നര മാസം മുമ്പ് ലഭിച്ച നോട്ടീസിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമ്പത് കോടി നഷ്ടപരിഹാരം നല്‍കാനുള്ള സാമ്പത്തിക ഭദ്രത ഖാദി ബോര്‍ഡിന് ഇല്ലെന്നും ശോഭന ജോര്‍ജ്ജ് പറയുന്നു.
നിലനില്‍ക്കാത്ത കേസില്‍ നടനും കടയുടമയ്ക്കും നോട്ടിസ് അയച്ച ശോഭന ജോര്‍ജ്ജിന്റെ നടപടി നേരത്തെ വിവാദമായിരുന്നു. ഇത്തരമൊരു അബദ്ധം തിരുത്തണമെന്ന് അന്ന് തന്നെ ആവശ്യമുയര്‍ന്നു. എന്നാല്‍ ചെയര്‍ പേഴ്സണ്‍ മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു
Discussion about this post